ശബരിമല തീര്‍ത്ഥാടകരുടെ എല്ലാ വിശ്വാസ താല്‍പര്യങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

Latest News

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകരുടെ എല്ലാ വിശ്വാസ താല്‍പര്യങ്ങളും ഈ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.
കൊടിയ മഴക്കെടുതികള്‍ക്കിടയിലും കോവിഡ് ഭീതികള്‍ക്കിടയിലുമാണ് ശബരിമല മഹോല്‍സവം കൊടികയറിയത്. ഈ വര്‍ഷത്തെ മഹോല്‍സവത്തിനായി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. വെര്‍ച്ച്വല്‍ ക്യൂ സംവിധാനം ശബരിമലയിലെ സുരക്ഷ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതല്‍ പേര്‍ക്ക് എത്താനായി സ്പോട്ട്ബുക്കിങ്ങ് സംവിധാനവും പ്രധാന ഇടത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രതികൂല കാലവസ്ഥ മൂലം ഈ ദിവസങ്ങളില്‍ പമ്ബാ സ്നാനം നടത്താന്‍ കഴിയില്ല. മഴയൊഴിഞ്ഞു പമ്ബാ നദിയിലെ നീരൊഴുക്ക് കുറയുന്നതോടെ ഇതും അനുവദിക്കാവുന്നതാണ്. കാനനപാതയിലൂടെയുള്ള യാത്രയും ഈ പ്രതികൂല കാലാവസ്ഥയില്‍ ഏറെ ദുഷ്കരമാണ്. യഥാര്‍ത്ഥ വിശ്വാസികളായ അയ്യപ്പഭക്തര്‍ ഇതൊക്കെ മനസ്സിലാക്കി ശബരീശനെ കണ്ട് സുരക്ഷിതരായി മടങ്ങും. തീര്‍ത്ഥാടകരുടെ എല്ലാ വിശ്വാസ താല്‍പര്യങ്ങളും ഈ സര്‍ക്കാര്‍ സംരക്ഷിക്കും.കോവിഡ് മഹാമാരിയില്‍ വലഞ്ഞ ക്ഷേത്രപരിസരങ്ങളെ അര്‍ത്ഥം കൊണ്ടും ആളുകൊണ്ടും സഹായിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായി ചുമതലയേറ്റതു മുതല്‍ 11 യോഗങ്ങളാണ് ശബരിമല മഹോല്‍സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി നടത്തിയത്. വനം, ഗതാഗതം, ആരോഗ്യം, ജലവിഭവം, റവന്യൂ, ടൂറിസം, പൊലീസ് തുടങ്ങിയ വകുപ്പുകളെ ഒന്നിച്ചണിനിരത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പമ്പയില്‍ നേരിട്ടു പോയി തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കിയത് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് തവണ മേല്‍ യോഗങ്ങളില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി.കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 131.6 കോടി രൂപ കൈമാറി. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ച് കോവിഡ് മഴക്കെടുതി സാഹചര്യങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചു. ഇതര സംസ്ഥാന അയ്യപ്പ ഭക്തന്മാര്‍ക്ക് അതത് ഭാഷകളില്‍ ഇത്തവണത്തെ സുരക്ഷാ നിയന്ത്രണങ്ങളും സൗകര്യങ്ങളും വിശദീകരിക്കാന്‍ നിര്‍ദേശിച്ചു. മഹോല്‍സവത്തിന്‍റെ ഭാഗമായി ആവശ്യമായ ജീവനക്കാരെ വിന്യസിച്ചു.
ഇതിനു പുറമേ ശബരിമല മഹോല്‍സവ നടത്തിപ്പിന് മാത്രമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 10 കോടി രൂപ കൈമാറി. കൂടാതെ അടിയന്തിര ആവശ്യങ്ങള്‍ക്കായി കോട്ടയം, പത്തനംതിട്ട കലക്ടര്‍മാര്‍ക്ക് 10 ലക്ഷം രൂപ വീതവും ഇടുക്കി കലക്ടര്‍ക്ക് 6 ലക്ഷം രൂപയും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *