ലഹരിക്കടത്ത് തടയാന്‍ വ്യാപക പരിശോധന

Top News

കല്‍പ്പറ്റ: ക്രിസ്മസ് – പുതുവത്സരം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നതു തടയാന്‍ എക്സൈസും പൊലീസും പരിശോധന ശക്തമാക്കി. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാ തലത്തില്‍ പ്രത്യേക സ്ക്വാഡിനു രൂപം നല്‍കി. താലൂക്ക് തല സ്ക്വാഡുകള്‍ 16 നകം രൂപീകരിക്കും.
ലഹരിക്കടത്ത് തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം, ജില്ലാതല സ്ട്രൈക്കിംഗ്ഫോഴ്സ്, ഹൈവേ പട്രോളിംഗ് എന്നിവ രൂപീകരിച്ചു. താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സും സജ്ജമാണ്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിലെ കെ-9 ഡോഗ് സ്ക്വാഡുമായി ചേര്‍ന്നു തോല്‍പെട്ടി ബാവലി ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും.
എക്സൈസ്, പൊലീസ്, വനം, റവന്യു, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്പോസ്റ്റുകളിലും പരിശോധന ഊര്‍ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണാടക, തമിഴ്നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *