ഫുള്‍ എ പ്ലസുകാര്‍ക്കും സീറ്റില്ല; എം.എസ്.എഫ് ജൂലൈ മൂന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്

Top News

കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ആദ്യ അലോട്ട്മെന്‍റില്‍ പ്ലസ്വണിന് സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി എം.എസ്.എഫ്.
ബാച്ചുകള്‍ പ്രഖ്യാപിച്ച് പ്രതിസന്ധി പരിഹരിക്കുംവരെ മലബാര്‍ ജില്ലകളിലെ ഡി.ഡി.ഇ ഓഫീസുകള്‍ക്കു മുന്നില്‍ ജൂലൈ മൂന്ന് മുതല്‍ എം.എസ്.എഫ് അനിശ്ചിതകാല ഉപരോധ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ലസ് വണ്‍ ഏക ജാലകത്തില്‍ ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് 2.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പടിക്കു പുറത്താണ്. ഈവര്‍ഷം 4,60,147 അപേക്ഷകളാണ് ലഭിച്ചത്. 3,03,409 സീറ്റുകളില്‍ ആദ്യ അലോട്ട്മെന്‍റില്‍ 2,41,104 സീറ്റുകളാണ് പരിഗണിക്കപ്പെട്ടത്.ശേഷിക്കുന്ന 62305 സീറ്റുകള്‍ അടുത്ത അലോട്ട്മെന്‍റുകളില്‍ പരിഗണിച്ചാലും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവനും സീറ്റ് ലഭ്യമാകില്ല.
മലബാറിലെ ജില്ലകളില്‍ ഇനി അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളുടെ എണ്ണം 37,223 ആണ്. അലോട്ട്മെന്‍റ് ലഭിക്കാനുള്ളത് 1,26,442 അപേക്ഷകള്‍ക്കും. ഈ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്നാണ് എം.എസ്.എഫ് ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ നിന്നുള്ള പ്രവേശനം മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിഞ്ഞതിന് ശേഷം മാത്രമെ നടക്കാവൂ എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുന്ന സമീപനമാണുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ഷറഫുദ്ദീന്‍ പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, കെ.ടി റഊഫ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *