സമാധാനം പുനഃസ്ഥാപിക്കാന്‍
ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ചൈന

India Latest News

ബെയ്ജിങ്: ഇന്ത്യ ڊ ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈന രംഗത്ത് .അടിയന്തര പ്രധാന്യമുളള വിഷയങ്ങളില്‍ മധ്യസ്ഥചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നാണ് ചൈന വ്യക്തമാക്കുന്നത് .
അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ ദീര്‍ഘകാലമായി നില നില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തെ തുടര്‍ന്നാണ് ഒത്ത് തീര്‍പ്പിന് ചൈന സന്നദ്ധത പ്രകടിപ്പിച്ചത്.
നിയന്ത്രണരേഖയെ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലവില്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥ ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും കിഴക്കന്‍ ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹാര്‍ദപരമായി മുന്നോട്ടു പോവുകയുള്ളൂവെന്നും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി ചൂണ്ടിക്കാട്ടി.
തജാക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വാങ് യിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാങ് യി ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത് .ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ തരത്തില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ചൈന തയ്യാറാണെന്നും വാങ് യി പ്രതികരിച്ചു .
ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയുയര്‍ത്തുന്നില്ലെന്നും വികസനത്തിനായി പരസ്പരം അവസരമൊരുക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും പങ്കാളികളാണെന്നും മറിച്ച് പ്രതിയോഗികളോ ശത്രുക്കളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരസ്പര സഹകരണവും സഹായവുമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും ആരോഗ്യപരമായ മത്സരത്തിലൂടെ വികസനം നേടുന്നതാണ് ഇരു രാജ്യങ്ങളും ലക്ഷ്യമാക്കുന്നതെന്നും നേരിട്ടുള്ള ഏറ്റുമുട്ടലില്‍ ഇരുരാജ്യങ്ങള്‍ക്കും താത്പര്യമില്ലെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *