സനാതനധര്‍മ വിവാദം; വസ്തുതകള്‍ നിരത്തി മറുപടി നല്‍കണമെന്ന് മോദി

Latest News

ന്യൂഡല്‍ഹി: സനാതനധര്‍മ വിവാദത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കനത്ത മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വസ്തുതകള്‍ നിരത്തി സനാതന ധര്‍മത്തിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമായിരിക്കെയാണ്, ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട് വരുന്നത്.ചെന്നൈയില്‍ റൈറ്റേഴ്സ് ഫോറത്തിന്‍റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശമുന്നയിച്ചത്.
അതേസമയം, ഉദയനിധി സ്റ്റാലിന്‍റെ സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. മമതയടക്കം നേതാക്കള്‍ ഉദയനിധിയെ തള്ളിയപ്പോള്‍, വിഷയം വിവാദമാക്കുന്നത് ബി.ജെ.പിയെന്ന ആരോപണമാണ് സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തില്‍ മമതയുടെ പ്രതികരണം.
ഉദയനിധിയുടെ പരാമര്‍ശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *