സതീശന്‍ പാച്ചേനി അന്തരിച്ചു

Latest News

കണ്ണൂര്‍:കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റും കെപിസിസി അംഗവുമായ സതീശന്‍ പാച്ചേനി(55) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെ ഏഴു മുതല്‍ ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനം. 11. 30 ന് പയ്യാമ്പലത്ത് സംസ്കാരം.പാച്ചേനിയിലെ പരേതനായ പാലക്കല്‍ ദാമോദരന്‍റെയും മാലിച്ചേരി നാരായണിയുടെയും മകനാണ്. തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരി റീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ ജവഹര്‍, സാനിയ എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: സുരേഷ്(സെക്രട്ടറി തളിപ്പറമ്പ് സഹകരണ കാര്‍ഷിക വികസന ബാങ്ക്), സിന്ധു, സുധ.
കെഎസ് യു വിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ് യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. നിരവധി വിദ്യാര്‍ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഞ്ച് തവണ നിയയമസഭയിലേക്കും ഒരു തവണ ലോകസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001ല്‍ മലമ്പുഴയില്‍ വിഎസിനോടും 2009ല്‍ സിപിഎം കോട്ടയായ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ എം.ബി രാജേഷിനോടും അവസാന നിമിഷംവരെ പൊരുതിയാണ് അദ്ദേഹം തോറ്റത്. എന്നാല്‍ 2006ല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ സതീശന്‍ പാച്ചേനിക്കെതിരെ വിഎസ് ഭൂരിപക്ഷം ഉയര്‍ത്തി.96ല്‍ തളിപ്പറമ്പില്‍ നിന്നും 2016,2021 വര്‍ഷങ്ങളില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും ആവേശ കരമായ മത്സരം കാഴ്ചവെച്ചെങ്കിലും പരാജയപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ പാച്ചേനിയില്‍ ജനിച്ച സതീശന്‍റെ മാതാപിതാക്കളും കുടുംബക്കാരുമെല്ലാം സിപിഎമ്മുകാരായിരുന്നു പക്ഷേ സതീശന്‍ പഠിക്കുന്നകാലത്തേ മാറി ചിന്തിച്ചു.കണ്ണൂരിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവായി അദ്ദേഹം വളര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *