പാര്‍ലമെന്‍റിലെ അതിക്രമം; പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Top News

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ അതിക്രമവുമായി ബന്ധപ്പെട്ട നാല് പ്രതികളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയില്‍ നിന്ന് പിടികൂടിയ സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്‍റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.സംഭവത്തിന് ഭീകരാക്രമണവുമായി സാമ്യമുള്ളതായി പൊലീസ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യലിലൂടെ മാത്രമേ ഇതില്‍ വ്യക്തത വരൂ എന്നായിരുന്നു പൊലീസിന്‍റെ വാദം. സംഭവത്തിന്‍റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കില്‍ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം എന്നായിരുന്നു പൊലീസ് വാദം. പ്രതികളുടെ പണമിടപാടുകള്‍ അന്വേഷിക്കണമെന്നും കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ ഷൂസിനുള്ളില്‍ വെച്ച് പുകക്കുഴലുകള്‍ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവില്‍ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവര്‍ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ക്യാനിസ്റ്ററുകള്‍ വാങ്ങിയത്. പ്രതികള്‍ ചില ലഘുലേഖകള്‍ കൈവശം വച്ചിരുന്നതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *