ജോണ്‍ ബ്രിട്ടാസിന്‍റെ പ്രഭാഷണം: പെരുമാറ്റച്ചട്ടലംഘന ആരോപണം തള്ളി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്

Top News

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചതില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി.സര്‍വകലാശാലയുടെ ഔദ്യോഗിക അംഗീകാരത്തോടെയല്ല പരിപാടി സംഘടിപ്പിച്ചത്.വൈസ്ചാന്‍സലറുടെ നിര്‍ദേശ പ്രകാരം രാഷ്ട്രീയ സ്വഭാവത്തിലുള്ള പരിപാടി നടത്തരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍ പ്രഫ. അനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളസര്‍വകലാശാല എംപ്ലോയീസ് യൂനിയന്‍റെ പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമാണ് ചടങ്ങെന്നാണ് സംഘാടകരുടെ വിശദീകരണം.രാഷ്ട്രീയ നേതാവായല്ല, മാധ്യമ പ്രവര്‍ത്തകനും പാര്‍ലമെന്‍റേറിയനും എന്ന നിലയിലാണ് ബ്രിട്ടാസിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയം തെരഞ്ഞെടുത്തത്. അതിനാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വി.സിയെ വിമര്‍ശിച്ചത് റിപ്പോര്‍ട്ടിലുണ്ട്.ബുധനാഴ്ച സംഘടിപ്പിച്ച പരിപാടി വിലക്കണമെന്ന് വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രജിസ്ട്രാര്‍ ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍, വി.സിയുടെ വിലക്ക് തള്ളി പ്രഭാഷണം നടത്തിയിരുന്നു. പിന്നാലെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് സമിതി നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടി. വ്യാഴാഴ്ച വൈകീട്ടോടെയാണ് രജിസ്ട്രാര്‍ മറുപടി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *