ചോളത്തണ്ടു നിയന്ത്രണം ;വയനാട്ടിലെ ക്ഷീരകാര്‍ഷിക മേഖലയെ ബാധിക്കുന്നു

Top News

കല്‍പറ്റ : കര്‍ണാടകയില്‍ നിന്നുള്ള ചോളത്തണ്ടു നിയന്ത്രണത്തിനു പരിഹാരം കാണാന്‍ ജില്ലാ വികസനസമിതിയും ഇടപെടുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചോളത്തണ്ടും വൈക്കോലും കൊണ്ടുപോകുന്നതു നിയന്ത്രിച്ച കര്‍ണാടകയുടെ തീരുമാനം വയനാട് ജില്ലയിലെ ക്ഷീര കാര്‍ഷിക മേഖലയെ സാരമായി ബാധിക്കുന്നുവെന്ന് ജില്ലാ വികസനസമിതിയോഗം വിലയിരുത്തി. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിന് ബദല്‍മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
പാലക്കാടിന് പുറമെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള ജില്ലയാണ് വയനാട്. വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കൊവിഡിന് ശേഷം ചെറുകിട സംരംഭം എന്ന നിലക്ക് ഫാമുകള്‍ നിര്‍മ്മിച്ചവരാണ് കഴിഞ്ഞ ദിവസം എത്തിയ തീരുമാനത്തില്‍ ശരിക്കും വെട്ടിലായിരിക്കുന്നത്.
ജൈവ കാലിത്തീറ്റയെന്ന നിലയില്‍ വയനാട്, കോഴിക്കോട് ജില്ലകളിലേക്ക് എത്തിച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ കൊണ്ടുവരുന്നതിന് ചാമ് രാജ് നഗര്‍ ജില്ല ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് നിയന്ത്രണമെന്നാണ് വിവരം.
കാലിത്തീറ്റ കൊണ്ടുവരുന്നതിന് നിയന്ത്രണം വന്നതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് വയനാട്ടിലെ ക്ഷീരകര്‍ഷകരാണ്. ചോളത്തണ്ട്, ചോളം, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കൂടിയാണ് ഇത്. ഇവരുടെ തൊഴിലിനെയും നിരോധനം ബാധിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *