കര്‍ഷക മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം; കണ്ണീര്‍വാതക പ്രയോഗം

Latest News

. ഡ്രോണിനെ തുരത്താന്‍ പട്ടം പറത്തി സമരക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചില്‍ രണ്ടാം ദിവസവും സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിസന്ധികളെ മറികടന്ന് ഡല്‍ഹിയിലേക്ക് യാത്ര തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.
പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍ അടക്കമായാണ് കര്‍ഷകര്‍ എത്തിയത്. പ്രതിഷേധം ശംഭു , ജിന്ത്, കുരുക്ഷേത്ര അതിര്‍ത്തികളില്‍ തുടരുകയാണ്. കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് അക്ഷയ് നര്‍വാളിലെ ഹരിയാന പൊലീസ് അറസ്റ്റ്ചെയ്തു. ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ ഡ്രോണ്‍ വഴി കണ്ണീര്‍വാതകം പ്രയോഗിക്കാനുള്ള പൊലീസ് നീക്കം പട്ടം പറത്തിയാണ് കര്‍ഷകര്‍ പ്രതിരോധിച്ചത്. അംബാലയ്ക്കടുത്തുള്ള ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ ഇച്ഛാശക്തി പ്രകടമായ മറുതന്ത്രം.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് മാര്‍ച്ച് എത്തുന്നത് ഏതുവിധേനയും തടയുമെന്ന നിലപാടിലാണ് ഹരിയാന സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞദിവസം ഡ്രോണ്‍ വഴി കണ്ണീര്‍വാതക പ്രയോഗം നടത്തിയത്. എന്നാല്‍ ഇന്നലെ വലിയ, കരുത്തുള്ള ചരടുകള്‍ ഉപയോഗിച്ചുള്ള പട്ടങ്ങള്‍ കര്‍ഷകര്‍ പറത്തിയതോടെ സുരക്ഷാ സേന ആശയക്കുഴപ്പത്തിലായി.
അതേസമയം, കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.സമരം ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ഡ പറഞ്ഞു. കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് 16 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *