ഇന്‍ഡ്യ സഖ്യം അധികാരത്തിലേറിയാല്‍ പുതുച്ചേരിക്ക് സംസ്ഥാന പദവി; ഉറപ്പുമായി സ്റ്റാലിന്‍

Top News

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയ്ക്ക് സംസ്ഥാന പദവി നല്‍കുമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പുതുച്ചേരി എം.പിയുമായ വി വൈത്തിലിംഗത്തിന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്‍റെ കൈയിലെ കളിപ്പാവയാണ് പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി. തമിഴ്നാട് പോലുള്ള വലിയ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ മാത്രമല്ല, പുതുച്ചേരി പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഭരണത്തില്‍ പുതുച്ചേരിക്ക് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ മികച്ചതാക്കും എന്ന വാഗ്ദാനം മോദി ഇതുവരെ നിറവേറ്റിയിട്ടില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
പുതുച്ചേരിയിലെ സുരക്ഷയുടെ കാര്യത്തിലും മോദി ഒന്നും ചെയ്യുന്നില്ലെന്ന് അടുത്തിടെ ഒന്‍പതുവയസുകാരി പീഡനത്തിനിരയായ സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു. ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ പുതുച്ചേരിയിലെ പ്രവര്‍ത്തനരഹിതമായ എല്ലാ സംരംഭങ്ങളും പുനരാരംഭിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *