അധികാരം ആസ്വദിക്കാനല്ല മൂന്നാമൂഴമെന്ന് നരേന്ദ്ര മോദി

Latest News

ന്യൂഡല്‍ഹി: അടുത്ത 100 ദിനത്തിനുള്ളില്‍ ഏവരുടെയും വിശ്വാസം നേടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിശ്വാസവും പിന്തുണയും നേടുകയാണ് ഓരോ പാര്‍ട്ടി അംഗങ്ങളുടെ ദൗത്യമെന്നും മോദി ചൂണ്ടിക്കാട്ടി. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ച് വര്‍ഷം ഇന്ത്യയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കണം. ദരിദ്രരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതം കൂടുതല്‍ മെച്ചപ്പെടണം. കോടിക്കണക്കിന് സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്നങ്ങളാണ് മോദിയുടെ സ്വപ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വീകരിച്ചു. അഞ്ച് നൂറ്റാണ്ട് കാത്തിരുന്ന രാമക്ഷേത്രം നിര്‍മിക്കാനായി. ആര്‍ട്ടിക്ള്‍ 370 റദ്ദാക്കി. രാജ്യത്തിന് വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനും വനിത സംവരണ ബില്‍ പാസാക്കാനും സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.എന്‍.ഡി.എ 400 സീറ്റില്‍ എത്തുമെന്ന് പ്രതിപക്ഷം പോലും സമ്മതിക്കുന്നു. അതിനായി ബി.ജെ.പി 370 എന്ന മാന്തിക സംഖ്യ കടക്കണം. രാജ്യത്ത് വികസന കുതിപ്പ് തുടരാന്‍ ബി.ജെ.പി അധികാരത്തില്‍ മടങ്ങിയെത്തും. ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും രാഷ്ട്രത്തിന് വേണ്ടിയാണ്. അധികാരം ആസ്വദിക്കാനല്ല താന്‍ മൂന്നാമൂഴം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *