പൊറോട്ട നല്‍കാന്‍ വൈകിയതിന് സംഘര്‍ഷം;ആറുപേര്‍ അറസ്റ്റില്‍

Top News

ഏറ്റുമാനൂര്‍ : തട്ടുകടയില്‍ പൊറോട്ട നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് ജിതിന്‍ ജോസഫ്(28), എസ്എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വിഷ്ണു(25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ കെ.ആര്‍. സഞ്ജു(30), ഇയാളുടെ സഹോദരനായ കെ.ആര്‍ കണ്ണന്‍(33),
പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ്(28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ നിധിന്‍(28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംഘംചേര്‍ന്ന് 28ന് രാത്രി 9.20ന് കാരിത്താസ് ജങ്ഷനിലെ തട്ടുകടയിലെത്തി ഉടമയെയും ജീവനക്കാരെയും ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ഒരുമണിക്കൂര്‍ മുമ്പ് യുവാക്കളില്‍ രണ്ടുപേര്‍ തട്ടുകടയില്‍ എത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്തപ്പോള്‍ 10 മിനിറ്റ് താമസമുണ്ട് എന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കടയുടമയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി അവിടെനിന്ന് പോവുകയായിരുന്നു.അതിനുശേഷമാണ് സംഘം ചേര്‍ന്ന് തിരിച്ചെത്തി ആക്രമിച്ചത്.
തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയും ഹെല്‍മെറ്റ് കൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറുപേരെയും വിവിധ സ്ഥലങ്ങളില്‍നിന്നാണ് പിടികൂടിയത്. പ്രതികളില്‍ ഒരാളായ ജിതിന്‍ ജോസഫിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ മയക്കുമരുന്ന് കേസും അടിപിടി കേസും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *