കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരി കാരിയര്‍ ആക്കിയ കേസില്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ അമ്മയും പിതൃസഹോദരിയും ആവശ്യപ്പെട്ടു. ഇതുവരെ മയക്കുമരുന്ന് മാഫിയയില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നല്‍കുന്ന വിവരങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ല. കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയെന്ന് പറഞ്ഞ അഴിയൂര്‍ സ്വദേശിയെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് കുടുംബം പറഞ്ഞു.അഴിയൂരില്‍ വിദ്യാര്‍ത്ഥിയെ മയക്കുമരുന്ന് മാഫിയ കാരിയറാക്കിയ സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കൈമാറാന്‍ കുട്ടി എത്തിയെന്ന് പറയപ്പെടുന്ന തലശ്ശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. തലശേരിയില്‍ തുണി വാങ്ങാന്‍ പോയതാണെന്ന് കുട്ടി പറഞ്ഞതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അഴിയൂരിലെ ഒരു സ്കൂളിലെ എട്ടാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്. ലഹരി കലര്‍ന്ന ഒരു ബിസ്കറ്റ് ആദ്യം നല്‍കി. പിന്നീട്, തനിക്ക് ഒരു കുത്തിവയ്പ്പ് നല്‍കുകയും മയക്കുമരുന്നിന് അടിമയാക്കുകയും പിന്നീട് മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയും ചെയ്തുവെന്ന് കുട്ടി വെളിപ്പെടുത്തി. തന്നെപ്പോലെ വേറെയും ഒരുപാട് പേരുണ്ടെന്നും കുട്ടി പറഞ്ഞു. ലഹരി മരുന്നു നല്‍കുകയും ലഹരി മരുന്ന് കടത്താന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അഴിയൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.