ബ്രിസ്ബേന്‍: ഓസ്ട്രേലിയയില്‍ താമസിക്കുന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും 6 മണിക്കൂര്‍ കൊണ്ട് ദേശീയ ഗാനങ്ങള്‍ പാടി റെകോര്‍ഡിട്ടു. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ മനഃപാഠമാക്കി ആലപിച്ചാണ് സഹോദരിമാരായ ഇവര്‍ 3 രാജ്യാന്തര റെകോര്‍ഡ് പട്ടികയില്‍ ഒറ്റദിവസംകൊണ്ട് ഇടംപിടിച്ചത്.
എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ കാണാതെ പഠിച്ചു പാടിയവര്‍, ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളില്‍ പാടിയവര്‍ എന്നിങ്ങനെ പല റെകോര്‍ഡുകളാണ് ഇവര്‍ സ്വന്തമായത്. ലോകസമാധാന ദിനമായ ചൊവ്വാഴ്ച ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ രാവിലെ 10 മുതല്‍ വൈകിട്ടുവരെ നടന്ന പരിപാടിയില്‍ ഓരോ 2 മണിക്കൂറിലും 10 മിനിറ്റ് മാത്രമായിരുന്നു ഇടവേള. ഓസ്ട്രേലിയയിലെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൈക്കാട്ടുശ്ശേരി കണിയാംപറമ്പില്‍ ജോയ് കെ മാത്യുവിന്‍റെയും നഴ്സായ ജാക്വിലിന്‍റെയും മക്കളാണ് ഈ മിടുക്കികള്‍. ക്വീന്‍സ്ലന്‍ഡിലെ ഗ്രിഫിത് സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ ക്രിമിനോളജിസൈകോളജി വിദ്യാര്‍ഥിനിയാണ് തെരേസ. കലംവെയ്ല്‍ കമ്യൂണിറ്റി കോളജ് 12ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഗ്നസ്.