500 കിലോ അഴുകിയ കോഴിയിറച്ചി പിടികൂടി

Kerala

കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന, അഴുകിയ നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത് . നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയ്ക്ക് ആഴ്ചകള്‍ പഴക്കമുണ്ട്. കൊച്ചി നഗരത്തിലെ കുഴിമന്തി, ഷവര്‍മ കടകളിലേക്ക് കോഴിയിറച്ചി എത്തിയ്ക്കുന്നത് ഇവിടെ നിന്നാണെന്നാണ് വിവരം.
കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്‍റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി ഉണ്ടായിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറുമാസമായി ഇവിടെ നിന്ന് നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. പിടികൂടിയ ഇന്നലെ രാവിലെയും ഇവിടെനിന്ന് കൊച്ചിയിലേക്ക് പഴകിയ കോഴിയിറച്ചി വിതരണം ചെയ്തതായി സംശയിക്കുന്നു.
തമിഴ്നാട്ടില്‍ നിന്നാണ് ഇവ എത്തിക്കുന്നതെന്ന് വിവരമുണ്ട്. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കും. സ്ഥാപനത്തിന്‍റെ ഉടമകള്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്നതിനായി കുറഞ്ഞ വിലയ്ക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *