തിരുവനന്തപുരം: നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം റോഡുകളേയും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.നിലവില്‍ വകുപ്പിന് കീഴിലെ റോഡുകളില്‍ 10 ശതമാനമാണ് ഈ നിലവാരത്തിലുള്ളത്. ഇത്തവണ മഴക്കാല പൂര്‍വ പ്രവൃത്തികള്‍ക്ക് 322 കോടി 16 ലക്ഷം രൂപ ചെലവഴിച്ചു. റോഡുകളുടെ പരിപാലന കാലാവധി കഴിയുന്നതിനു മുന്‍പേ തന്നെ അറ്റകുറ്റപ്പണികള്‍ മുന്നില്‍കണ്ട് റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നടപ്പാക്കി. മഴക്കാല പൂര്‍വ പ്രവൃത്തികളുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ 117.30 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 154.98 കോടി രൂപയും ചെലവാക്കി. 2017 ല്‍ രൂപീകരിച്ച് 2018 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മെയിന്‍റനന്‍സ് വിഭാഗം വളരെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.കരാറുകാരുടെ പേര്, ഫോണ്‍നമ്പര്‍, ടോള്‍ഫ്രീ നമ്പര്‍, മറ്റുവിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി മുവായിരത്തോളം ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വര്‍ക്കിംഗ് കലണ്ടറും ക്രമപ്പെടുത്തുന്നുണ്ട്. പരാതികള്‍ നേരിട്ട് മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ട്. റോഡുകള്‍ നശിക്കുന്നതില്‍ കാലാവസ്ഥയ്ക്ക് മുഖ്യപങ്കുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.