ചാവക്കാട് : എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും 50 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.
ചേറ്റുവ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോയ വലപ്പാട് സ്വദേശി ശശിധരന്‍റെ കാവടി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. ഫിഷറീസ് റെസ്ക്യൂബോട്ടാണ് ഇവരെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. വാടാനപ്പളളി വടക്കുപടിഞ്ഞാറ് കരയില്‍നിന്നും പത്തൊമ്പത് നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിന്‍ കേടുവന്ന് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഴീക്കോട് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് റെസ്ക്യൂബോട്ടെത്തി അപകടത്തില്‍പ്പെട്ട വള്ളം വടം കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.ചാവക്കാട് മുനക്കക്കടവ്, അഴീക്കോട് എന്നിവിടങ്ങളിലെ ഫിഷറീസ് സ്റ്റേഷനുകളില്‍ രണ്ട് റെസ്ക്യൂബോട്ടുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വലിയ ആശ്വാസവും സാമ്പത്തിക നേട്ടവുമാണ് ബോട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കുമുണ്ടാകുന്നത്.
ആദ്യകാലങ്ങളില്‍ ഇത്തരത്തില്‍ കടലില്‍ അകപ്പെട്ടാല്‍ സ്വകാര്യ ബോട്ടുകളെ കരയില്‍നിന്നും വിളിച്ചുവരുത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടുകളുടെ ഇന്ധനച്ചെലവും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവും അപകടത്തില്‍പ്പെട്ടവര്‍ വഹിക്കേണ്ടിവരുമായിരുന്നു .
സര്‍ക്കാര്‍ റെസ്ക്യൂ ബോട്ടുകളും ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതോടെ തൊഴിലാളികള്‍ക്കും ബോട്ടുടമകള്‍ക്കും വലിയ ആശ്വാസമായി. ഈ മാസം തന്നെ അപകടത്തില്‍പ്പെട്ട അഞ്ചാമത്തെ ബോട്ടാണ് രക്ഷിച്ച് ഫിഷറീസ് അധികൃതര്‍ കരയ്ക്കെത്തിച്ചത്.
മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥരായ വി.എന്‍.പ്രശാന്ത് കുമാര്‍, ഇ.ആര്‍.ഷിനില്‍കുമാര്‍, വി. എം.ഷൈബു എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ എസ്ഐ സജീവ്കുമാര്‍, സിപിഒ സനീഷ്, റസ്ക്യൂ ഗാര്‍ഡുമാരായ ബി.എച്ച്. ഷെഫീക്, സി.എന്‍.പ്രമോദ്,പി.എസ് ഫസല്‍, കെ.ബി.ഷിഹാബ്, സ്രാങ്കുമാരായ പി.എം.റസാഖ്, ടി. ദേവസി, എന്‍ജിന്‍ ഡ്രൈവര്‍ കെ. റോക്കി, പി.എം.റഷീദ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.