4000 കോടിയുടെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Kerala

. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് വന്‍കിട പദ്ധതികള്‍
. കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പിന്തുണ ഉദാത്തം; പദ്ധതികള്‍ കേരളത്തിന്‍റെ മണ്ണില്‍ നടപ്പിലാകുന്നതില്‍ അഭിമാനം: മുഖ്യമന്ത്രി

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നാലായിരം കോടിയുടെ വന്‍കിട വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്ന ശാലയാണ് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതിയ പദ്ധതികള്‍ വികസനത്തിന്‍റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക് യാര്‍ഡ് ആണ് കൊച്ചിയിലേത്. 10 വര്‍ഷത്തിനിടെ ഷിപ്പിംഗ് മേഖലയില്‍ ഉണ്ടായത് വന്‍കുതിച്ചുചാട്ടമാണ്. കേന്ദ്ര പരിഷ്കരണ നടപടികള്‍ കാരണം തുറമുഖമേഖലയില്‍ നിക്ഷേപം കൂടി. ചരക്കുകപ്പലുകള്‍ക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായി. തൊഴില്‍ അവസരം ഉയര്‍ന്നു. ചരക്കുനീക്കത്തിന്‍റെ വേഗം കൂടി. പുതിയ ഡ്രൈഡോക് രാജ്യത്തിന്‍റെ അഭിമാനമാണ്. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഗള്‍ഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസന കുതിപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
4000 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ കേരളത്തിന്‍റെ മണ്ണില്‍ നടപ്പിലാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ‘മെയ്ഡ് ഇന്‍ കേരള’യുടെ സംഭാവന ചെറുതല്ല. പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതില്‍ നന്ദിയുണ്ട്. കേരളം നല്‍കിയ ഉദാത്ത പിന്തുണയുടെ ഉദാഹരണം കൂടിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ പൂര്‍ത്തിയായ ഡ്രൈ ഡോക്. ഇന്ത്യയുടെ യശസ്സ് ഉയര്‍ത്താന്‍ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. ആദിത്യ മിഷനിലും ചന്ദ്രയാന്‍ പദ്ധതിയിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭാഗമായി. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *