ചണ്ഡിഗഡ്: ഇന്ത്യയില്‍ ഇതുവരെ 4.5 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ഇതിനുപുറമേ 76 രാജ്യങ്ങളിലേക്കായി ആറ് കോടി ഡോസ് വാക്സിനും നല്കി. കോവിഡ് വാക്സിന് വിതരണം ബഹുജന മുന്നേറ്റമായി മാറണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചതായും ചണ്ഡിഗഡില്‍ മൈക്രോബയില് ടെക്നോളജി സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കൊറോണ രോഗാണുക്കള്‍ ഭാവിയില്‍ സൃഷ്ടിക്കാനിടയുള്ള വെല്ലുവിളികളെ നേരിടാന്‍ ശാസ്ത്രസമൂഹം കരുതിയിരിക്കണം. കോവിഡ് കാലത്ത് ശാസ്ത്രസമൂഹം സ്വന്തമാക്കിയ അനുഭവങ്ങള്‍ വരുംകാലത്തിനായി വിനിയോഗിക്കണം. രോഗം വ്യാപിച്ച ഘട്ടത്തില്‍ ശാസ്ത്രസമൂഹം അവസരത്തിനൊത്തുയരുകയും മനുഷ്യരാശിയെ സഹായിക്കുകയും ചെയ്തു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി വ്യവസായമേഖലയെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 900 കോടിരൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി ഹര്ഷവര്ധന് പറഞ്ഞു.