ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയകേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31ന് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ത്യ മുന്നണി മഹാറാലി സംഘടിപ്പിക്കും. സഖ്യകക്ഷികളായ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് വാര്‍ത്താ സമ്മേളനത്തില്‍ റാലി പ്രഖ്യാപിച്ചത്.
ജനാധിപത്യവും രാജ്യവും അപകടത്തിലാണ്. രാജ്യത്തിന്‍റെ താല്‍പ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഇന്ത്യ മുന്നണിയിലെ എല്ലാകക്ഷികളും ചേര്‍ന്ന് മഹാറാലി നടത്തുമെന്ന് എഎപി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കി. ഏകാധിപത്യം സ്വീകരിച്ച് ജനാധിപത്യം അവസാനിപ്പിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്. ഭരണഘടനയെയും ജനാധിപത്യത്തെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിക്കും ഇതില്‍ രോഷമുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഓരോന്നായി ദുരുപയോഗം ചെയ്യുകയാണെന്നും എഎപി നേതാവ് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 31ലെ മഹാറാലി രാഷ്ട്രീയറാലി ആയിരിക്കില്ലെന്നും രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാനും കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്താനുമുള്ള ആഹ്വാനമായിരിക്കുമെന്നും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി പറഞ്ഞു.