29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു

Kerala

റായ്പൂര്‍ : ഛത്തിസ്ഗഢില്‍ മുതിര്‍ന്ന നേതാവ് അടക്കം 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. കാംഗോര്‍ ജില്ലയില്‍ ചൊവ്വാഴ്ച സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സേനാംഗങ്ങള്‍ക്കു പരുക്കേറ്റു. മുതിര്‍ന്ന നേതാവായ, തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നെന്ന് പൊലീസ് അറിയിച്ചു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നേരിടാനായി 2008ല്‍ പ്രത്യേകം രൂപീകരിച്ച ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബിഎസ്എഫും സംയുക്തമായാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത് . കഴിഞ്ഞ മാസം ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കാംഗറില്‍ ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഇതേ ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഛത്തീസ്ഗഡില്‍ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *