25.54 കിലോമീറ്റര്‍ ദേശീയപാത വെറും 18 മണിക്കൂറില്‍ നിര്‍മിച്ച്
ചരിത്രനേട്ടമുണ്ടാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

India

വിജപൂര്‍: 25.54 കിലോമീറ്റര്‍ ദേശീയപാത വെറും 18 മണിക്കൂറില്‍ നിര്‍മിച്ച് ചരിത്രനേട്ടമുണ്ടാക്കി നാഷണല്‍ ഹൈവേ അതോറിറ്റി. ദേശീയപാത 52ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിര്‍മാണത്തിനിടയിലാണ് എന്‍ എച് എ ഐ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഈ നേട്ടം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.18 മണിക്കൂറില്‍ 25.54 കിലോമീറ്റര്‍ പുതിയ പാത നിര്‍മിച്ചത് ലിംക ബുക് ഓഫ് റെകോഡില്‍ ഇടംപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സോലാപ്പൂര്‍ വിജപൂര്‍ നാലുവരിപ്പാത ഈ ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ റെകോഡ് നേട്ടം കൈവരിക്കാനായത്. ബെംഗളൂരുവിജയപുര ഔറംഗബാദ് ഗ്വാളിയര്‍ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂര്‍ വിജപൂര്‍ നാലുവരിപ്പാതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്.യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ സുരക്ഷയും ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിടുന്നുണ്ട് ഈ ദേശീയപാത.ഈ മാസം ആദ്യം നാലുവരിപ്പാത നിര്‍മാണത്തിനിടെ 24 മണിക്കൂര്‍ സമയത്തിനകം ഏറ്റവുമധികം കോണ്‍ക്രീറ്റ് വിരിച്ചും എന്‍ എച് എ ഐ റെകോഡ് സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ നിര്‍മിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിര്‍മാണ കരാറുകാരായ പട്ടേല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂര്‍ണമായും ഓടോമാറ്റിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ കോണ്‍ക്രീറ്റ് പവര്‍ ഉപയോഗിച്ചുള്ള ഈ കോണ്‍ക്രീറ്റിങ് ഇന്ത്യ ബുക് ഓഫ് റെകോഡിലും ഗോള്‍ഡന്‍ ബുക് ഓഫ് വേള്‍ഡ് റെകോഡിലും ഇടംപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *