സൂറിച്ച്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡന്‍റ് ജിയാന്നി ഇന്‍ഫന്‍റീനോ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്ട്രമാകാനുള്ള താല്‍പ്പര്യം അറിയിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യക്ക് ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുമെന്ന് ഏകദേശം ഉറപ്പായിരുന്നു.ഫിഫ ലോകകപ്പിന്‍റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, സ്പെയിന്‍ രാജ്യങ്ങള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പിന്‍റെ ഭാഗമായുള്ള പ്രദര്‍ശന മത്സരങ്ങള്‍ക്ക് അര്‍ജന്‍റിന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ വേദിയാകും. 2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്‍റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകള്‍, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങള്‍ നടക്കുന്നത് പത്ത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഇത് ഫുട്ബോളിനെ ഒരു ആഗോള കായികയിനമാക്കുന്നതായും ഇന്‍ഫന്‍റീനോ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.
2022ലെ ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയുടെ അയല്‍ രാജ്യമായ ഖത്തറിലാണു നടന്നത്. ലോകകപ്പ് നേടിയ അര്‍ജന്‍റീനന്‍ ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ. പിന്നാലെ ലോകോത്തര താരങ്ങളെ സൗദി പ്രോ ലീഗിലേക്ക് എത്തിച്ച് അറേബ്യന്‍ രാജ്യം ഞെട്ടിച്ചിരിക്കുകയാണ്. ലോകോത്തര ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സീമ, സാദിയോ മാനെ, നെയ്മര്‍ ജൂനിയര്‍, റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയ വന്‍താര നിരയാണ് സൗദിയിലേക്ക് എത്തിയത്.