. ഇന്ത്യാ സഖ്യത്തിന്‍റെ മഹാറാലിയില്‍ 28 പാര്‍ട്ടികള്‍ പങ്കെടുത്തു
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് രാഹുല്‍ ഗാന്ധി.മോദി സര്‍ക്കാരിനെതിരെ ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം ജയിലിലാക്കി സംസ്ഥാനങ്ങളെ തകര്‍ത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി അന്വേഷണ ഏജന്‍സികളെ കേന്ദ്രം വരുതിയിലാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ബി.ജെ.പിക്ക് വേണ്ടി ഈ മാച്ച് ഫിക്സിംഗ് മോദി ഒറ്റക്കല്ല ചെയ്യുന്നത്. അദ്ദേഹത്തിന് കോടിപതികളായ ചില സഹായികളും ഒപ്പമുണ്ട്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമുളള തെരഞ്ഞെടുപ്പാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടില്‍ എസ് ഐ ടി അന്വേഷണം വേണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന ജാര്‍ഖണ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്നിവരെ ഉടന്‍ വിട്ടയക്കണം. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനെതിരെ നടക്കുന്ന ഇഡി, ഐടി, സി.ബി.ഐ അന്വേഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ബി.ജെ.പി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി കോണ്‍ഗ്രസ് പാര്‍ട്ടിയെ വരിഞ്ഞു മുറുക്കിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കുറ്റപ്പെടുത്തി. സഖ്യം വേണോ, ജയില്‍ വേണോയെന്നാണ് നേതാക്കളോടുളള ചോദ്യം. മൂവായിരത്തി അഞ്ഞൂറിലധികം കോടി അടക്കണമെന്നാണ് ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസ്. ജനാധിപത്യത്തെയുംഭരണഘടനയേയും രക്ഷിക്കാനാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഉദ്ദവ് താക്കറെ. ബി. ജെ.പിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും,സി.ബി.ഐ യും,ആദായ നികുതി വകുപ്പുമെന്ന സ്ഥിതിയിലാണ് എത്തി നില്‍ക്കുന്നത്. ഒരു സര്‍ക്കാരിനും ഏകാധിപത്യ നടപടികള്‍ ഏറെക്കാലം തുടരാനാവില്ല. മറ്റ് പാര്‍ട്ടികളിലെ അഴിമതിക്കാരായ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നു. വാഷിംഗ് മെഷീന്‍റെ പണിയെടുത്ത് ബി.ജെ.പി അവരെ വെളുപ്പിക്കുന്നു. ഉദ്ദവ് താക്കറെ പറഞ്ഞു.ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. കേജരിവാള്‍ മാന്യനായ രാഷ്ട്രീയ നേതാവാണ്. ഇത് കേജരിവാളിനായുള്ള പ്രതിഷേധമല്ല, ഭരണഘടനയെ രക്ഷിക്കാനാണെന്നും മെഹബൂബ മുഫ്തി വിശദീകരിച്ചു.
മോദി സര്‍ക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന ഖര്‍ഗെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ശരദ് പവാര്‍, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ്, അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനിയിലെത്തി. ഇവര്‍ക്കൊപ്പം അരവിന്ദ് കേജരിവാളിന്‍റെ ഭാര്യ സുനിതയും ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പനയും വേദിയില്‍ സന്നിഹിതരായി. ഒരു കാരണവുമില്ലാതെയാണ് കേജരിവാളിനെ ജയിലിലിട്ടിരിക്കുന്നതെന്നും നീതി വേണമെന്നും വേദിയിലെത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന കേജരിവാളിന്‍റെ സന്ദേശം സുനിത വായിച്ചു. ഒരു പുതിയ രാഷ്ട്ര നിര്‍മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണെന്ന് സന്ദേശത്തില്‍ കേജരിവാള്‍ വ്യക്തമാക്കി.