കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച് മമതയുടെ പൊതുപരിപാടി

കൊല്‍ക്കത്ത: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികള്‍ റദ്ദാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച് പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മമത ബാനര്‍ജിയുടെ അവാര്‍ഡ് ദാന ചടങ്ങ്. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെയാണ് പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സര്‍ക്കാരിന്റെ കായിക പുരസ്‌കാര വിതരണ ചടങ്ങ് നടത്തിയത്.മുഖ്യമന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ചടങ്ങിലെത്തിയ മമത കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവും വായിച്ചു. കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് അപൂര്‍വ പരിപാടി ആയതുകൊണ്ടാണ് മാറ്റി വയ്ക്കാത്തതെന്നായിരുന്നു മമതയുടെ വിശദീകരണം.കൊറോണയുടെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ചുമയും കഫക്കെട്ടും കൊറോണ അല്ലെന്നും മമത പറഞ്ഞു. അസുഖമുള്ളവര്‍ ഡോക്ടറെ കണ്ട ശേഷം 14 ദിവസം വിശ്രമിക്കണം. ഹസ്തദാനം ഒഴിവാക്കണം. പകരമായി നമസ്‌തേ പറയണം. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മമത പറഞ്ഞു. ധാരാളം വെള്ളം കുടിക്കണമെന്നും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും മമത ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍