ഇറച്ചിക്കോഴി വില്പന പുനരാരംഭിച്ചു

കോഴിക്കോട്: പക്ഷിപ്പനിയെത്തുടര്‍ന്ന് ഇറച്ചിക്കോഴി വില്പനയിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വ്യാപാരം പുനരാരംഭിച്ചു. വില കുത്തനെ ഇടിയാതിരിക്കാന്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഇറച്ചിക്കോഴിക്ക് 40 രൂപയും ഇറച്ചിക്ക് 80 രൂപയും നിശ്ചയിച്ചാണ് വ്യാപാരം നടത്തിയത്.മൂന്ന് മാസത്തേക്ക് പുറമെ നിന്ന് ഇറച്ചിക്കോഴികളെ കൊണ്ടു വരുന്നത് നിരോധിച്ചസാഹചര്യത്തില്‍ നിലവിലുള്ള സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കരുതെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള കടകളില്‍ സൂക്ഷിച്ച കോഴികള്‍ വില്‍ക്കാനാണ് അനുമതി. സംസ്‌കരിച്ച ചിക്കന്‍ വില്‍പന നടത്തുന്നതിനും നിയന്ത്രണമില്ല.പുറത്ത് നിന്ന് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോകാനോ പാടില്ല. വില്പന പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും വാങ്ങാന്‍ എത്തിയവര്‍ വളരെ കുറമായിരുന്നു. കൊറോണ മുന്‍കരുതല്‍ തുടരുന്നതും പക്ഷിപ്പനി ഭയം മാറാത്തതും കാരണം ചുരുക്കം പേര്‍ മാത്രമെ ഇറച്ചി വാങ്ങാനെത്തിയുള്ളൂ. എന്നാലിത് ഉടന്‍ മാറുമെന്ന വിശ്വാസമാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍