കൊറോണ പേടി: ഷഹീന്‍ബാഗ് മോഡല്‍ സമരം താല്‍ക്കാലികമായി മതിയാക്കി

ന്യൂഡല്‍ഹി: പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ ചെന്നൈയില്‍ നടന്നുവന്നിരുന്ന ഡല്‍ഹി ഷഹീന്‍ബാഗ് മോഡല്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങി സമരക്കാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസമായി സമരം തുടര്‍ന്ന് വരുകയായിരുന്നു. ഡല്‍ഹി ഷഹീന്‍ബാഗ് സമരത്തിന്റെ മാതൃകയില്‍ ചെന്നൈയിലെ ഒരു കൂട്ടം സ്ത്രീകളായിരുന്നു സമരം നടത്തി വന്നത്. എന്നാല്‍ ഭീതിജനകമായ രീതിയില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി ഇതില്‍ നിന്ന് പിന്മാറാന്‍ രാഷ്ട്രീയ നേതൃത്വവും മത നേതാക്കളും മറ്റും ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 15നായിരുന്നു ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യത്തിന്റെ മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. ചെന്നൈയിലെ ഷഹീന്‍ബാഗ് മോഡല്‍ സമരം താല്‍ക്കാലികമായി നിന്നെങ്കിലും രാജ്യ തലസ്ഥാനത്ത് ഇപ്പോഴും സമരം തുടരുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും സമരക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അതിന് തയ്യാറായിട്ടില്ല. സമരക്കാരുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ അവര്‍ ഒരു രീതിയിലും വഴങ്ങുന്നില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
എന്നാല്‍ പൊലീസ് സമര സ്ഥലത്ത് എത്തിയില്ലെന്നും, പത്തോ പതിനഞ്ചോ പേരെ വിളിച്ച് കാര്യം തിരക്കുക മാത്രമാണ് ചെയ്തതെന്ന് സമരക്കാരും പറയുന്നു. സമരക്കാരോടായി സ്റ്റേജില്‍ വന്ന് പൊലീസിന്റെ ആവശ്യം ഉന്നയിക്കാന്‍ പറഞ്ഞതും അവര്‍ അംഗീകരിച്ചില്ലെന്ന് സമരക്കാര്‍ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സമരത്തിന്റെ ഭാവി എന്താകുമെന്നത് വരും ദിവസങ്ങളില്‍ അറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍