മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു കൊറോണ പടരുന്നത് വെല്ലുവിളി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു കൊറോണ വൈറസ് പടരുന്നതാണു സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്ന് എത്തുന്നവര്‍ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ ചൈനയിലെ വുഹാനില്‍നിന്നു കേരളത്തില്‍ എത്തിയവര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും, അവരില്‍നിന്നു വേറെയാരിലേക്കും രോഗം പടര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഗം മനുഷ്യനില്‍നിന്നു മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയില്‍നിന്ന് എത്തിയവരില്‍നിന്നാണു മറ്റുള്ളവരിലേക്കു രോഗം പടര്‍ന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നതു തടയാനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ആരൊക്കെ രോഗം പകര്‍ന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു കണ്ടെത്തണം. ആറോ ഏഴോ തട്ടുവരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണമെന്നും മന്ത്രി വിശദീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍