അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തം ആര്യങ്കാവ്:

കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍ കരുതലുകളും ജാഗ്രതാ നടപടികളും ഊര്‍ജിതമാക്കിയിരിക്കുയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും വിവിധ ചെക്ക് പോസ്റ്റുകളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവില്‍ പോലീസ് പരിശോധന ശക്തമാക്കി. പോലീസിനൊപ്പം ആരോഗ്യവകുപ്പും ഇന്നലെ മുതല്‍ പരിശോധനയില്‍ പങ്കുചെര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ബസുകള്‍ അടക്കമുള്ള യാത്ര വാഹനങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ കണ്ടെത്തും. ഇക്കാര്യം ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയുകയും ഇത്തരക്കാരെ നിരീക്ഷണത്തിനായി മാറ്റുകയും ചെയ്യും. ഒപ്പം ബോധവല്‍കരണം, മുന്‍കരുതല്‍ നടപടികളെ കുറിച്ച് വിവരിക്കുകയും ചെയ്യും. ഇന്നലെ മുതല്‍ ഇനി അറിയിപ്പ് ഉണ്ടാകും വരെ 24 മണിക്കൂര്‍ പരിശോധനയാകും ഉണ്ടാവുക. തെന്മലയിലെ മൃഗസംരക്ഷണ ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും പാല് അടക്കം എത്തിക്കുന്ന വാഹനങ്ങളില്‍ അണുനാശിനി ലായിനി തളിക്കും. അതിര്‍ത്തി ഗ്രാമങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ക്ക് പുറമേ ബസ് സ്റ്റാന്റ് റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും. പോലീസ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പുറമേ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡും ഇതിനായി പ്രവര്‍ത്തിക്കും. പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസ്, തെന്മല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണികുട്ടന്‍ ഉണ്ണി, സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍