ഇന്ധനവില കേന്ദ്രം വര്‍ധിപ്പിച്ചു

 ന്യൂഡല്‍ഹി: കൊറോണ മൂലം നടുവൊടിഞ്ഞ ജനത്തിന് ഇരുട്ടടി നല്‍കി ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചത്. എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ എക്കാലത്തേയും കുറഞ്ഞ നിരക്കിലായിരിക്കുമ്പോഴാണ് വരുമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നീക്കം. തീരുവ വര്‍ധിപ്പിച്ചതോടെ രണ്ടായിരം കോടിയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. എണ്ണയുടെ പ്രത്യേക തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ജനുവരിയില്‍ അസംസ്‌കൃത എണ്ണയുടെ വില 64 ഡോളര്‍ ആയിരുന്നെങ്കില്‍ ഇന്ന് 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിന് ആനുപാതികമായി എണ്ണ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല. ജനുവരിയിലെ വിലയില്‍നിന്ന് ഏകദേശം ആറു രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് രാജ്യത്ത് പെട്രോളിനു 57 രൂപ മാത്രമായിരുന്നു. എന്നാല്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 31 ഡോളറായി കുറഞ്ഞിട്ടും എഴുപത് രൂപയ്ക്കു മുകളിലാണ് ഇപ്പോഴത്തെ വില. എണ്ണ കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയതിനു ശേഷം എണ്ണ വില കൂടുമ്പോള്‍ ആനുപാതികമായി വില വര്‍ധിപ്പിക്കുന്ന കമ്പനികള്‍ കുറയുമ്പോള്‍ അറിഞ്ഞമട്ട് കാണിക്കാറില്ല. കേന്ദ്രമാകട്ടെ ഇക്കാര്യത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയും വില കുറയുമ്പോള്‍ നികുതി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍