ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് രാജസ്ഥാനോ?

ന്യൂഡല്‍ഹി:മദ്ധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 20ല്‍ അധികം കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജിവയ്പിച്ച് കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബി.ജെ.പി നടപ്പാക്കിയത് കര്‍ണാടകയില്‍ വിജയിച്ച 'ഓപ്പറേഷന്‍ താമര' തന്ത്രങ്ങള്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും യുവനേതാവ് സച്ചിന്‍ പൈലറ്റിനുമിടയില്‍ പടലപ്പിണക്കം പുകയുന്ന രാജസ്ഥാനിലും ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നാണ് സൂചന.മധ്യപ്രദേശ് കൈവിടുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേരിടുന്ന വന്‍ രാഷ്ട്രീയ പ്രതിസന്ധിയാണ്.കര്‍ണാടകയില്‍ ജെ.ഡി.എസ്‌കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിനെ താഴെയിറക്കി ഭരണം പിടിച്ച ഓപ്പറേഷന്‍ താമര മദ്ധ്യപ്രദേശിലും നടപ്പാക്കാനുള്ള അണിയറ നീക്കങ്ങളിലായിരുന്നു ബി.ജെ.പി. മദ്ധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിവിടുമെന്ന് രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിന്ധ്യയുടെയും മുഖ്യമന്ത്രി കമല്‍നാഥിന്റെയും പേരാണ് അന്ന് കേട്ടത്. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കമല്‍നാഥിനെ പി.സി.സി അദ്ധ്യക്ഷനാക്കിയതും സിന്ധ്യയ്ക്ക് പ്രചാരണച്ചുമതല നല്‍കിയതും. തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ സിന്ധ്യയ്ക്ക് വിമതന്റെ റോളായി. ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പവുമായി.മദ്ധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാസീറ്റിലൊന്നില്‍ സിന്ധ്യയെ മത്സരിപ്പിക്കുന്നതിനെ എതിര്‍ത്ത കമല്‍നാഥ് പ്രിയങ്കാ ഗാന്ധിക്കുവേണ്ടിയാണ് വാദിക്കുന്നത്. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രാഹുല്‍ ഗാന്ധി സിന്ധ്യയെ വേണ്ടത്ര പരിഗണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. കമല്‍നാഥ് വഹിക്കുന്ന പി.സി.സി അദ്ധ്യക്ഷ പദവി നല്‍കി സിന്ധ്യയെ അനുനയിപ്പിക്കാനുള്ള മാര്‍ഗവും ഹൈക്കമാന്‍ഡ് തേടിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന സിന്ധ്യ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ ചൊല്ലി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. ഫലത്തില്‍ രാഹുലിന്റെ വിശ്വസ്തനായിരുന്ന സിന്ധ്യയെ ബി.ജെ.പി പാളയത്തിലേക്ക് തള്ളിയിടുകയായിരുന്നു കോണ്‍ഗ്രസ്.കോണ്‍ഗ്രസിന്റെ 114 എം.എല്‍.എമാരില്‍ 28 പേര്‍ സിന്ധ്യയുടെ ആളുകളാണ്. ഇതില്‍ 22 പേരെ രാജിവയ്പിച്ചതോടെ ഓപ്പറേഷന്‍ താമര വിജയിച്ചു. ഇങ്ങനെ കൂറുമാറ്റനിരോധന നിയമം വിദഗ്ദ്ധമായി മറികടക്കാമെന്ന് കര്‍ണാടകയില്‍ അവര്‍ തെളിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് വാഗ്ദാനങ്ങളോ നല്‍കി രാജിവയ്പിച്ച കോണ്‍ഗ്രസ് അംഗങ്ങളെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിപ്പിച്ച് ജയിപ്പിക്കാനുമാകും.കര്‍ണാടകത്തിലും അതാണുണ്ടായത്.സിന്ധ്യ പക്ഷക്കാര്‍ രാജിവച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് 230 അംഗസഭയില്‍ കേവലഭൂരിപക്ഷമായ 116 സീറ്റ് തികയില്ല. അതോടെ 107 അംഗങ്ങളുള്ള ബി.ജെ.പിക്ക് ശിവ്‌രാജ് ചൗഹാന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍