ക്ഷാമം തീരും: ജയിലുകളില്‍ മാസ്‌ക് നിര്‍മ്മാണം തകൃതി

കോഴിക്കോട്: കൊറോണയ്‌ക്കെതിരെയുള്ള ജനകീയ യജ്ഞത്തിനൊപ്പം പങ്കുചേര്‍ന്ന് സംസ്ഥാനത്തെ തടവുകാരും. മാസ്‌ക് നിര്‍മ്മാണത്തിലൂടെയാണ് അവര്‍ ജനകീയ യജ്ഞത്തില്‍ പങ്കാളികളാവുക. മൂന്നു സെന്‍ട്രല്‍ ജയിലുകളിലും മറ്റു എട്ടു ജയിലുകളിലുമായി ദിവസവും 5,000 മാസ്‌ക് നിര്‍മ്മിക്കുകയാണിപ്പോള്‍. ഇത് പടിപടിയായി ഉയര്‍ത്തി 25,000ല്‍ എത്തിക്കാനാണ് പദ്ധതി. വന്‍തോതില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കാനും പ്രധാന ജയിലുകളില്‍ ഒരുക്കങ്ങളായിക്കഴിഞ്ഞു. തടവുകാര്‍ക്ക് ഇതിനുള്ള പരിശീലനം പൂര്‍ത്തിയായി. ഇന്ന് മുതല്‍ ആരംഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച മാസ്‌ക് നിര്‍മ്മാണത്തിന് പരിശീലനം നല്‍കിയിരുന്നു. കൊറോണയുടെ സാഹചര്യത്തല്‍ മാസ്‌കിന് പെട്ടെന്ന് ഡിമാന്‍ഡ് ഏറുകയും സ്റ്റോക്കുള്ളവരില്‍ പലരും കൊള്ളലാഭം എടുക്കാനും തുടങ്ങി. ഇതിനു പരിഹാരമെന്നോണമാണ് ജയിലുകളില്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള മെഡിക്കല്‍സ് സര്‍വീസസ് കോര്‍പറേഷനാണ്. മാസ്‌ക് നിര്‍മ്മാണത്തിന് നിയോഗിക്കപ്പെട്ട തടവുകാര്‍ക്ക് ഒന്നിന് ഒരു രൂപ വീതം കൂലിയായി നല്‍കും. നിര്‍മ്മിക്കുന്നവ കേരള മെഡിക്കല്‍സ് സര്‍വീസസ് കോര്‍പറേഷന്‍ ആരോഗ്യ വകുപ്പിന് കൈമാറുകയാണ്.ആവശ്യത്തിന്റെ തോത് കൂടുകയാണെങ്കില്‍ മാസ്‌ക് നിര്‍മ്മാണം മറ്റു ജയിലുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ആലോചന. അതിനിടെ, കോര്‍പറേഷന് ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്ന മാസ്‌ക് വന്‍ ലാഭത്തിനാണ് ആരോഗ്യ വകുപ്പിന് നല്‍കുന്നതെന്ന ആക്ഷേപമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍