കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടനടപടി വരുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കൂട്ടനടപടി. നടുറോഡില്‍ ബസ് നിറുത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകും. സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കി.ഗതാഗത തടസവും ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ഇടപ്പെട്ടത്. ഒരു സ്വകാര്യബസിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തുന്നത്. ഒരു പൊലീസ് ഡ്രൈവറും എസ്‌ഐയും മാത്രമാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. ഇതിന്റെദൃശ്യങ്ങള്‍ തെളിവെടുപ്പിന് കൈമാറി. കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചുവെന്നും കമ്മിഷണര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്. സംഭവത്തില്‍ ആര്‍.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു കെ..എസ്.ആര്‍.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ഗാരേജില്‍ കിടന്ന ബസുകള്‍ നിരത്തില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്ന വിധത്തില്‍ ഡ്രൈവര്‍മാര്‍ അപകടകരമായി പാര്‍ക്കു ചെയ്തുവെന്ന് ആര്‍.ടി.ഒ ഗതാഗത മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ഗതടസം സൃഷ്ടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സും സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട ഫോര്‍ട്ട് അസി. കമ്മിഷണര്‍, ട്രാഫിക് അസി. കമ്മിഷണര്‍ എന്നിവര്‍ക്ക് ആര്‍.ടി.ഒ കത്തും നല്‍കി. മോട്ടോര്‍വാഹന നിയമം 1988 സെക്ഷന്‍ 190 എഫ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാണിത്. കെ.എസ്.ആര്‍.ടി.സിക്കാരുമായി വാക്കുതര്‍ക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തി. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ എസ്.ആര്‍. ഷാജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍