ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്യു.സി.സി ഒന്നും ചെയ്തില്ലെന്ന് നടന്‍ സിദ്ദിഖ്

കൊച്ചി:കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്യു.സി.സി ഒന്നും ചെയ്തില്ലെന്ന് നടന്‍ സിദ്ദിഖ്. സമൂഹ മാധ്യമങ്ങളിലൂടെ ചിലതൊക്കെ എഴുതി പിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്. താര സംഘടന അമ്മ ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനാഭാരവാഹികളാണ് മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ടത്. മുന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.ആക്രമിച്ച പ്രതിയെ നടി തിരിച്ചറിയുകയും ചെയ്തു. നാല് മാസം കഴിഞ്ഞാണ് പ്രതി നടന്റെ പേര് പറയുന്നത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സിദ്ദിഖ് ആരോപിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്യു.സി.സി ഒന്നും ചെയ്തിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ചിലതൊക്കെ എഴുതി പിടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. കേരള പോലിസ് അസോസിയേഷനും എറണാകുളം റൂറല്‍ ജില്ലാ പോലിസും സംയുക്തമായി ജില്ലാ പോലിസ് ആസ്ഥാനത്ത് നടത്തിയ പോലിസ് അനുഭവങ്ങളിലൂടെ സിദ്ദിഖ് എന്ന പരിപാടിയിലാണ് സിദ്ദീഖിന്റെ പ്രതികരണം.പോലിസിനോട് തനിക്ക് വല്ലാത്ത ആദരവാണ് ഉള്ളതെന്നും ചെറുപ്പത്തില്‍ പോലിസ് ആകണമെന്നതായിരുന്നു ആഗ്രഹമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്ക് ആമുഖ പ്രഭാഷണം നടത്തി. കെ.പി.എ. റൂറല്‍ ജില്ലാ സെകട്ടറി എം.വി. സനല്‍ അവതാരകനായിരുന്നു. ഇ.കെ. അബ്ദുള്‍ ജബ്ബാര്‍, ജെ. ഷാജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍