സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇ ഓഫീസ് സംവിധാനത്തിലേക്ക്

കല്‍പ്പറ്റ: ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്ടറേറ്റ് വരെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ഗുണനിലവാരത്തിലും സാധാരണക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ഇ ഓഫീസ് അടിസ്ഥാന സൗകര്യം ഒരുക്കല്‍ അന്തിമഘട്ടത്തിലാണ്. ഐടി മിഷന്റെ നേതൃത്വത്തില്‍ വേഗതകൂടിയ ഫൈബര്‍ ടു ഹോം(എഫ്ടിടിഎച്ച്) ഇന്റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ ഓഫീസുകളിലും സ്ഥാപിച്ചു. സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറു ശതമാനം എഫ്ടിടിഎച്ച് കണക്ടിവിറ്റി പൂര്‍ത്തിയാക്കിയ ഏക ജില്ലയാണ് വയനാട്. ആദ്യഘട്ടത്തില്‍ റവന്യു വകുപ്പിലും രണ്ടാംഘട്ടത്തില്‍ കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളിലും ഇഓഫീസ് പദ്ധതി വ്യാപിപ്പിക്കും. കടലാസ്‌രഹിതപ്രകൃതിസൗഹൃദ സംവിധാനം ഒരുക്കാന്‍കൂടിയാണ് പദ്ധതിയെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ പറഞ്ഞു. സംവിധാനം നിലവില്‍ വരുന്നതോടെ ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കു പരിഹാരമാകും. ഓരോ ഓഫീസിലും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐടി വിഭാഗവുമായി പരിചയമുള്ളവരെ നോഡല്‍ ഓഫീസറായി നിയോഗിക്കും. വില്ലേജുതല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും താലൂക്കുതലത്തില്‍ മോണിറ്റര്‍ ചെയ്യാന്‍ തഹദില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും ജില്ലാ കളക്ടര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടുനല്‍കാന്‍ 'ഇ ജാഗ്രത' എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ തയാറാക്കാന് ഐടി മിഷനു ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍