ഇതരസംസ്ഥാന മലയാളികള്‍ക്കും പ്രവാസിച്ചിട്ടിയില്‍ ചേരാം: മുഖ്യമന്ത്രി

തൃശൂര്‍: കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയില്‍ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും അംഗമാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്എഫ്ഇയുടെ നവീകരിച്ച ആസ്ഥാനമന്ദിരത്തിന്റെയും സുവര്‍ണ ജൂബിലിആഘോഷങ്ങളുടെയും ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാസിച്ചിട്ടിക്കു പ്രവാസികളില്‍നിന്നു നല്ല സ്വീകാര്യതയാണു ലഭിച്ചത്. പ്രവാസിച്ചിട്ടി വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ക്കു മാത്രം പോരാ, മറ്റു സംസ്ഥാനത്തുള്ളവര്‍ക്കുംകൂടി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാപനം എന്ന നിലയില്‍ അഭിമാനകരമായ വളര്‍ച്ചയാണ് കെഎസ്എഫ്ഇ നേടിയത്. സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയില്‍ മാത്രമേ നന്നാവൂ എന്നു പറയുന്നവര്‍ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചും കെഎസ്എഫ്ഇയെക്കുറിച്ചും പഠിച്ച് എന്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നു മനസിലാക്കണം.
നവകേരളത്തിന്റെ ഭാഗമായ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ കെഎസ്എഫ്ഇക്കു വലിയ പങ്ക് വഹിക്കാനാകും. കെഎസ്എഫ്ഇ ചിട്ടിയില്‍ നിക്ഷേപിക്കുന്ന പണം നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു സംഭാവനയായാണ് മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നര വര്‍ഷം മുമ്പ് കെഎസ്എഫ്ഇയുടെ ലാഭം 236 കോടി രൂപയായിരുന്നു. ഇപ്പോള്‍ അതു 445 കോടിയായി വര്‍ധിച്ചു. മൊത്തം ആസ്തിയില്‍ 240 കോടിയുടെ വര്‍ധനയുണ്ടായി. കേരളത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും കെഎസ്എഫ്ഇ ശാഖകളുണ്ട്. ഗ്രാമങ്ങളില്‍ ശാഖ ആരംഭിച്ചതോടെ ഇടപാടുകാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചിട്ടിയില്‍ പകുതിയിലധികം കെഎസ്എഫ്ഇയുടേതാണ്. അതിനാലാണ് കെഎസ്എഫ്ഇ നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ന് ആധുനിക സൗകര്യങ്ങളുള്ള കോള്‍ സെന്ററുകള്‍ കെഎസ്എഫ്ഇക്കുണ്ട്. ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്. ഇതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനും വെബ് പോര്‍ട്ടലും യാഥാര്‍ഥ്യമാകുന്നതോടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന കെഎസ്എഫ്ഇയുടെ സേവനങ്ങള്‍ എളുപ്പമുള്ളതാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷനായി. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി ടേണോവറുള്ള ധനകാര്യ സ്ഥാപനമായി കെഎസ്എഫ്ഇ മാറുമെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കുകൂടി പ്രവാസിച്ചിട്ടിയില്‍ ചേരാന്‍ ഓണ്‍ലൈന്‍ സോഫ്റ്റ്‌വേര്‍ സംവിധാനം പൂര്‍ത്തിയായി. പൂര്‍ണമായും ഓണ്‍ലൈനായാണ് പ്രവാസിച്ചിട്ടി പ്രവര്‍ത്തിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. സുവര്‍ണജൂബിലി പ്രമാണിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ മൈ സ്റ്റാമ്പ് ധനമന്ത്രി പ്രകാശനം ചെയ്തു. പൊന്നോണച്ചിട്ടി ബംപര്‍ സമ്മാനം നേടിയ പി. സുനിതയ്ക്ക് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചെക്ക് കൈമാറി. 50 വര്‍ഷമായി കെഎസ്എഫ്ഇയുമായി ഇടപാട് നടത്തുന്നവരെ ചടങ്ങില്‍ ആദരിച്ചു.കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, എംഡി എ. പുരുഷോത്തമന്‍, തൃശൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ്, കെഎസ്എഫ്ഇഒയു പ്രസിഡന്റ് കെ.എന്‍. ബാലഗോപാല്‍, ആര്‍ക്കിടെക്ട് ഡോ. ജ്യോത്സ്‌ന റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍