ശ്രീലങ്കയില്‍ വോട്ടര്‍മാരുമായി പോയ ബസിനു നേരെ വെടിവയ്പ്

കൊളംബോ: ശ്രീലങ്കയില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടര്‍മാരുമായി പോയ ബസിനു നേരെ വെടിവയ്പ്. തീരദേശ നഗരമായ പുറ്റാലത്തുനിന്ന് സമീപ ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സുരക്ഷാസേന ഉടന്‍ തന്നെ സ്ഥലത്തെത്തിയതിനാല്‍ ആയുധധാരികള്‍ രക്ഷപ്പെട്ടു. അതേസമയം, പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ശ്രീലങ്കന്‍ ജനത ഇന്നു വോട്ടുചെയ്യും. ഒട്ടാകെ 35 പേര്‍ മത്സരരംഗത്തുണ്ടെങ്കിലും ഭരണം നടത്തുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവും കാബിനറ്റ് മന്ത്രിയുമായ സുജിത്ത് പ്രേമദാസയും ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയുടെ ഗോട്ടാഭയ രാജപക്ഷെയും തമ്മിലാണു പ്രധാന പോരാട്ടം. 250ലധികം പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ദിന സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ദേശീയസുരക്ഷയായിരുന്നു ഇത്തവണത്തെ മുഖ്യ പ്രചാരണവിഷയം. ആരു വിജയിച്ചാലും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ കാര്യത്തില്‍ തീരുമാനമാകും. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് ഗോട്ടാഭയയും സുജിത് പ്രേമദാസയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍