ഭക്ഷ്യധാന്യ വിപണിയായ വലിയങ്ങാടിയുടെ പുരോഗതിക്ക് ഭരണാധികാരികളുടെ ഇടപെടല്‍ വേണം

കോഴിക്കോട്:കേരളത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിയ്ക്ക് പ്രതാപങ്ങളായ നൂറ്റാണ്ടിന്റെ ചരിത്രമാണ് പറയാനുള്ളത്.1498 ല്‍ വാസ്‌ഗോഡ ഗാമ വ്യാപാരത്തിനായി കോഴിക്കോട് വന്നതിന് ശേഷം സാമൂതിരി രാജാവിന്റെ കാലം തൊട്ട് അറബികളും വിദേശിയരും വ്യാപാര രംഗത്ത് പുലര്‍ത്തിരുന്ന സത്യസദ്ധതയും വിശ്വസ്തതയും തലമുറകളിലൂടെ കാത്തു സൂക്ഷിച്ചു പോന്നിരുന്നു...വസ്ത്രവ്യാപാരത്തിന് പട്ടു തെരുവും, മധുര പലഹാരങ്ങളുടെ പറുദീസയായ ഹലുവ ബസാറും, നാളികേര വിപണിയായ കൊപ്ര ബസാറും, കയര്‍ ഉല്‍പ്പന്നങ്ങളുടെ കാലിച്ചാക്ക് സംഭരണ കേന്ദ്രമായ ഗണ്ണി സ്ട്രീറ്റും വലിയങ്ങാടിയുടെ പ്രധാന അലങ്കാരങ്ങളായിരുന്നു.ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ചരക്കുകള്‍ മലബാറിന്റെ വിവിധ ദേശങ്ങളിലേക്ക് എത്തിച്ചിരുന്നത് വലിയങ്ങാടിയില്‍ നിന്നായിരുന്നു.കച്ചവടക്കാര്‍ തമ്മിലുള്ള ഐക്യവും ചരക്കുകളുടെ വില നിലവാരവും കടം വാങ്ങുന്നതിനും കൊടുക്കുന്നതിനുള്ള കൃത്യനിഷ്ഠതയും, നിയമ വ്യവസ്ഥകളും വലിയങ്ങാടിയുടെ വ്യാപാര രംഗത്ത് സമൃദ്ധിയുടെ നാളുകളായിരുന്നു സമ്മാനിച്ചത്. കാര്‍ഷിക വിളവുകളുടെ വ്യാപാര തകര്‍ച്ചയും, തൊഴില്‍ പ്രശ്‌നങ്ങളും പുതിയ കാലത്തിന്റെ ചില വ്യവസ്ഥകളും വലിയങ്ങാടിയെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങളായി മാറി. കച്ചവട പാരമ്പര്യം പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാത്ത സാഹചര്യം വലിയങ്ങാടിക്ക് ഇന്ന് ആശങ്കയുണര്‍ത്തുന്നുണ്ട്. ഭരണാധികാരികള്‍ വലിയങ്ങാടി യോട് തുടരുന്ന അനാസ്ഥയും, വലിയങ്ങാടി മേഖലക്ക് തിരിച്ചടിയാകുന്നുണ്ട്. വലിയങ്ങാടിയിലെത്തുന്നവര്‍ക്ക് ' പോതു ടോയ്‌ലറ്റ് ' പ്രാഥമികാവശ്യത്തിന് ആ'ശങ്ക ' അകറ്റല്‍ ഇന്നും ദുരിതത്തിലാണ്.കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കല്‍, തെരുവ് വിളക്കുകള്‍ കാര്യക്ഷമമാക്കല്‍, എലി നശീകരണം, പ്ലാസ്റ്റിക്ക് ഖര ചണ്ടി മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, വാഹന പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തല്‍, കാലപഴക്കം ചെന്ന കെട്ടിടങ്ങളുടെ നവീകരണം തുടങ്ങി വലിയങ്ങാടി ഉന്നമനത്തിന് അവശ്യമായ കാര്യങ്ങളാണ്.
പുതു തലമുറയെ വലിയങ്ങാടിയെ പരിച്ചയപ്പെടുത്തുവാന്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി വിനോദ് പഠന വിഷയമാക്കുവാനും, വ്യാപാര മേഖലയില്‍ ആകര്‍ഷകമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്, വലിയങ്ങാടിയുടെ പ്രതാപം പുനരജ്ജീവിപ്പിക്കുവാനായി അധികൃതര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി വലിയങ്ങാടി പൈതൃകം സംരക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയങ്ങാടി യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോസഫ് വലപ്പാട് അഭ്യര്‍ത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍