കോയമ്പത്തൂര്‍ കൂട്ടമാനഭംഗം: റദ്ദാക്കിയ വധശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു

 ന്യൂഡല്‍ഹി: കോയമ്പത്തൂരില്‍ പത്തു വയസുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്യുകയും പെണ്‍കുട്ടിയെയും സഹോദരനെയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ റദ്ദാക്കിയ വധശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. വിധി പ്രസ്താവിച്ച ബെഞ്ചിലെ ഒരു ജഡ്ജി വധശിക്ഷയെ എതിര്‍ത്തെന്ന പേരില്‍ ഭൂരിപക്ഷ ബെഞ്ചിന്റെ ഉത്തരവ് നടപ്പിലാക്കാവുന്നതല്ല എന്ന വാദവും കോടതി തള്ളി. കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ പ്രതി മനോഹരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. 2010ലെ കോയന്പത്തൂര്‍ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ മനോഹരന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാനും സൂര്യ കാന്തും വധശിക്ഷ ശരിവച്ചപ്പോള്‍ ജസ്റ്റീസ് സഞ്ജീവ് ഖന്ന വധശിക്ഷ റദ്ദാക്കി ജീവപര്യന്തം ശിക്ഷ ഏര്‍പ്പെടുത്തണമെന്നു വിധിയെഴുതി. ഇതു ചൂണ്ടിക്കാട്ടിയ മനോഹരന്‍ വധശിക്ഷ നടപ്പിലാക്കാനാവില്ലെന്നും ഭിന്ന വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍, പ്രതി ദയയ്ക്ക് അര്‍ഹനല്ലെന്നു കോടതി വ്യക്തമാക്കി. സമൂഹത്തെ ആകമാനം ബാധിക്കുന്ന ഹീന കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യം ഭൂരപക്ഷ വിധിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൂടാതെ, കേസ് ഞെട്ടിക്കുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി ഭൂരിപക്ഷ ബെഞ്ച് ശരിവച്ചിട്ടുണ്ടെ ന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍