നഗരത്തിലെ വെള്ളക്കെട്ട് : യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: വെള്ളക്കെട്ടിന്റെ പേരില്‍ എറണാകുളം നഗരത്തിലെ ജനങ്ങളെ ഇനി ബുദ്ധിമുട്ടിക്കരുതെന്നും പ്രശ്‌ന പരിഹാരത്തിനു യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും ഹൈക്കോടതി. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. നേരത്തെ നല്‍കിയ ഉത്തരവനുസരിച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പെട്ട 14 അംഗ ഉന്നതതല സമിതിക്ക് രൂപം നല്‍കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറെക്കൂടി ഉന്നതതല സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. നഗരത്തിലെ കനാലുകള്‍ വൃത്തിയാക്കി പരിപാലിക്കാന്‍ ഉന്നതതല സമിതി നടപടിയെടുക്കണമെന്നും വെള്ളക്കെട്ടിനുള്ള പരിഹാര മാര്‍ഗം ആലോചിക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സമിതിയുടെ ആദ്യ നടപടി റിപ്പോര്‍ട്ട് നവംബര്‍ 18 നകം നല്‍കണം. വെള്ളക്കട്ട് പ്രശ്‌നം പരിഹരിക്കാന്‍ നവംബര്‍ നാലു വരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതു സംബന്ധിച്ച ഉത്തരവ് മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാരും പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി കോര്‍പറേഷനും വ്യക്തമാക്കി. നേരത്തെ ഒക്ടോബര്‍ 18 നും 23 നും നല്‍കിയ നിര്‍ദേശങ്ങളില്‍ നടപടിയെടുത്തെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പേരണ്ടൂര്‍ കനാലില്‍ മാലിന്യം തള്ളുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും പ്രശ്‌നപരിഹാരത്തിന് ഉന്നതതല സമിതിക്ക് രൂപം നല്‍കണമെന്നുമായിരുന്നു ഇടക്കാല ഉത്തരവുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍