ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കണം

പത്തനംതിട്ട: പൊതുമരാമത്ത് റോഡുകളുടെ സംസ്ഥാനതല അറ്റകുറ്റപ്പണികള്‍ ഡിസംബര്‍ 31 നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിന്റേത് ജനുവരി 31 നു മുമ്പും പൂര്‍ത്തീകരിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രായോഗികമല്ലെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ടെന്‍ഡര്‍ വിളിച്ച് പണികള്‍ ക്രമീകരിക്കുന്നതിനുംനിര്‍മാണ വസ്തുക്കളും മെഷിനറികളും ശേഖരിച്ച് അവ പൂര്‍ത്തിയാക്കാനും സ്വാഭാവിക സമയക്രമം ആവശ്യമാണ്. വകുപ്പുകളുടെ നടപടിക്രമങ്ങളും പാലിക്കണം. സംഘടനാ തലത്തില്‍ ഹര്‍ജി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.പണികള്‍ പൂര്‍ത്തിയാക്കുന്ന കാലപരിധി നീട്ടി നല്‍കണമെന്നും ടാര്‍, ക്വാറി ഉത്പന്നങ്ങള്‍, കുടിശികതുക എന്നിവ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ മുഴുവന്‍ ടാറും വകുപ്പുതലത്തില്‍ ഉടന്‍ വിതരണം ചെയ്യണം. ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കണം.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയില്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അനില്‍ ഉഴത്തില്‍, കോട്ടയം ജില്ലാ പ്രസിഡന്റ്, റെജി ടി. ചാക്കോ, സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ എന്‍.പി. ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍