ശബരിമല നട നാളെ തുറക്കും; വന്‍ സന്നാഹങ്ങള്‍ ഒഴിവാക്കി പോലീസ്

പത്തനംതിട്ട: രണ്ടു മാസത്തിലധികം നീളുന്ന മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തിനു മുന്നോടിയായി ശബരിമല നട നാളെ തുറക്കും. വൈകുന്നേരം നട തുറക്കുന്നതിനു പിന്നാലെ പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരഅവരോധിക്കുന്ന ചടങ്ങുകള്‍ നടക്കും. വൃശ്ചികപ്പുലരിയായ 17നു രാവിലെ നട തുറന്നു മണ്ഡലകാല പൂജകളാരംഭിക്കും. മണ്ഡലകാലവും മകരവിളക്കും കഴിഞ്ഞ് ജനുവരി 20 വരെ നീളുന്നതാണ് തീര്‍ഥാടനകാലം. കഴിഞ്ഞ മണ്ഡല, മകരവിളക്കു തീര്‍ഥാടനകാലത്തെ പ്രതിഷേധങ്ങളും പോലീസ് നടപടികളും സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് മല കയറാനെത്തിയ യുവതികള്‍ക്കു പോലീസ് സംരക്ഷണം നല്‍കിയതു മുതല്‍ ഉടലെടുത്ത വിവാദങ്ങളാണ് തലവേദനയായത്. നടപടികളും നിരോധനാജ്ഞയും നിലവില്‍ വന്നതോടെ മണ്ഡല, മകരവിളക്കു കാലം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലായി. ഇതിനിടെ ജനുവരി ഒന്നിനു നടന്ന വനിതാ മതിലും പിറ്റേന്ന് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതായ ഔദ്യോഗിക സ്ഥിരീകരണവുമൊക്കെ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നിലയ്ക്കല്‍ മുതല്‍ തീര്‍ഥാടനപാതയില്‍ നിലനിന്ന നിയന്ത്രണങ്ങളും മറ്റും കാരണം ഭക്തരുടെ വരവും കുറഞ്ഞു. വരുമാനം കൂടി ഇടിഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളംതെറ്റി. സ്ഥിതിഗതികള്‍ ഇതായിരിക്കെ ഇത്തവണയും ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല.ദര്‍ശന സൗകര്യം തേടിയെത്തുന്നവരെ പിന്തിരിപ്പിക്കണോ ശബരിമലയിലേക്ക് കൊണ്ടുപോകണമോയെന്നതു സംബന്ധിച്ച് പോലീസിന്റെ തീരുമാനമാണ് നിര്‍ണായകമാകുന്നത്. കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ആദ്യം യുവതികളെ കൊണ്ടുപോകാന്‍ സൗകര്യം ചെയ്ത പോലീസ് മകരവിളക്ക് സമയത്ത് ഇതില്‍നിന്നു പിന്‍മാറി. മാസപൂജയുടെ സമയത്തും ദര്‍ശന സൗകര്യം തേടിയെത്തിയ യുവതികളെ പിന്തിരിപ്പിച്ചു. ഇതേനിലപാട് മണ്ഡല, മകരവിളക്ക് കാലത്ത് തുടരാനാകുമോയെന്നതാണ് ഉന്നതോദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ തവണത്തെപ്പോലെ കനത്ത സുരക്ഷാസന്നാഹം ഇക്കുറി കാനനപാതയില്‍ ഒരുക്കിയിട്ടില്ല. നിലവില്‍ ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം മുഖേനയും മറ്റും അമ്പതോളം യുവതികള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ദര്‍ശനം നടത്താനെത്തി പിന്തിരിയേണ്ടിവന്ന സംഘത്തില്‍പ്പെട്ട പലരും ഇക്കൊല്ലം വീണ്ടും എത്തിയേക്കാനുമിടയുണ്ട്. ഡിഐജി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ത്തന്നെ മേല്‍നോട്ടം നല്‍കിയുള്ള സുരക്ഷാ സംവിധാനമാണ ഇന്നു മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലൊരുങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍