ആധാര്‍ കാര്‍ഡ് കിട്ടാന്‍ വൈകി; ഹരിദ്വാര്‍ ഘാട്ട് തകര്‍ക്കുമെന്ന് മുഖ്യമന്ത്രിക്കു ഭീഷണി

ഡെറാഡൂണ്‍: ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ വിളിച്ച് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനു നേരെയാണ് പൗരി സ്വദേശിയായ കേശവാനന്ദ് ഭീഷണി മുഴക്കിയത്. ഹരിദ്വാറിലെ ഹര്‍ കി പൗരി ഘാട്ട് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നായിരുന്നു ഈ മാസം ഒമ്പതിന് മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോള്‍ ഓഫീസറുടെ ഫോണില്‍ എത്തിയ ഭീഷണി സന്ദേശം. ഇതു സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് കേശവാനന്ദ് പിടിയിലായത്. ഹരിദ്വാറില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നും പ്രതിയുടെ മാനസിക നിലയില്‍ സംശയമുണ്ടെന്നും പോലീസ് അറിയിച്ചു. ഹരിദ്വാറിലെ ഒരു ഭക്ഷണശാലയിലാണ് കേശവാനന്ദ് ജോലി ചെയ്തിരുന്നത്. തനിക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണു വിവരം. മുമ്പും ഇയാള്‍ ഭീഷണി മുഴക്കുകയും പിടിയിലാകുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍