മാര്‍ക്കറ്റ് റോഡിന്റെ ദുരവസ്ഥ മാറ്റണം: ഹൈക്കോടതി

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിന്റെ ദുരവസ്ഥയും ട്രാഫിക് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പൊട്ടിപ്പൊളിഞ്ഞ റോഡും ഗതാഗതക്കുരുക്കും മൂലം മാര്‍ക്കറ്റ് റോഡിലൂടെയുള്ള യാത്ര ദുസഹമാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ക്കറ്റിലെ വ്യാപാരികളായ ബാബു ആന്റണി, ഐ.എന്‍. അഭിലാഷ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മാര്‍ക്കറ്റ് റോഡിലെ അനധികൃത പാര്‍ക്കിംഗ് മൂലം കാല്‍നട യാത്രപോലും അസാധ്യമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളുമൊക്കെയുള്ള പ്രധാന റോഡാണിതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിംഗിള്‍ ബെഞ്ച് അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കിയത്. കൊച്ചി കോര്‍പറേഷന്റെ പരിധിയിലുള്ള മാര്‍ക്കറ്റ് റോഡിന്റെ ദുരവസ്ഥ ഇതുവരെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നത് അപഹാസ്യമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. റോഡിന്റെ വശങ്ങളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. മറ്റൊരു വിഷയത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നു കൊച്ചിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്ന സാഹചര്യമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മാര്‍ക്കറ്റ് റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സമാന്തര പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ട്രാഫിക് നിയമ ലംഘനത്തെ തുടര്‍ന്ന് 163 പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍