ഇന്ത്യന്‍ മഹാസമുദ്രം മുഖേനയുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ ശക്തമാക്കണം: വി. മുരളീധരന്‍

അബുദാബി: ഇന്ത്യന്‍ മഹാസമുദ്രം മുഖേനയുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (ഐഒആര്‍എ) മന്ത്രിതലയോഗത്തില്‍ ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ കൂട്ടായ്മയാണ് ഐഒആര്‍എ സിഒഎം യുഎഇ കാബിനറ്റ് മന്ത്രിയും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ അഹമ്മദ് അലി അല്‍ സയ്യെഗ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പങ്കെടുത്തു. ലോകത്ത് അതിവേഗം വളരുന്ന ഏഷ്യന്‍, ഓഷ്യാനിയ, ആഫ്രിക്കന്‍ രാജ്യങ്ങളെ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന വിശാലമായ സംവിധാനമെന്ന നിലയില്‍ ഐഒആര്‍എയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ് 2015ല്‍ കൊച്ചിയിലാണ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയുടെ ജിയോപൊളിറ്റിക്കല്‍ രൂപരേഖ, സമുദ്രസുരക്ഷാ വെല്ലുവിളികള്‍, സാമ്പത്തികസഹകരണം, ദുരന്തനിവാരണ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ച നയരേഖ കൊച്ചി കണ്‍സെന്‍സസ് എന്നറിയപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍