മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:സര്‍ക്കാരുണ്ടാക്കാന്‍ മൂന്ന് ദിവസം കൂടി വേണമെന്ന ആവശ്യം നിഷേധിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയില്‍. ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കി.ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധവും ഏകപക്ഷീയവുമാണെന്നും സര്‍ക്കാറുണ്ടാക്കാന്‍ സമയം നിഷേധിച്ച ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. അവധി ദിനമായതിനാല്‍ ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഹരജി ഫയലില്‍ സ്വീകരിച്ചെങ്കിലും ഇന്ന് കേസ് പരിഗണിക്കാനാവില്ലെന്ന് രജിസ്ട്രി അഭിഭാഷകരെ അറിയിക്കുകയായിരുന്നു.ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കേണ്ടത് നിയമസഭയിലാണെന്ന് നേരത്തെയുള്ള സുപ്രീംകോടതി വിധി കൂടി കൂട്ടിച്ചേര്‍ത്താണ് ശിവസേനയുടെ ഹരജി. ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അവസരം നല്‍കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചത് എന്നും ശിവസേന ഹരജിയില്‍ പറയുന്നു. ശിവസേന നല്‍കിയ ഹരജിയുടെ പകര്‍പ്പ് ലഭിച്ചില്ലെന്നും ഇത് ലഭിച്ചാലേ നിലപാട് വ്യക്തമാക്കാനാകൂവെന്ന് സുപ്രീം കോടതിയിലെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ നിഷാന്ത് കഠ്‌നേഷ്വര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍