ക്രൂയിസ് ടൂറിസം രംഗത്ത് ചുവടുറപ്പിച്ച് കേരളം

കൊച്ചി: ക്രൂയിസ് ടൂറിസം രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയാണ് കേരളം. ആഗോളതലത്തില്‍ ഉണ്ടായ സഞ്ചാരികളുടെ വര്‍ധന കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 25 ശതമാനത്തോളം സഞ്ചാരികളുടെ വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. ആഗോളതലത്തില്‍ 2018ല്‍ ക്രൂയിസ് സഞ്ചാരികള്‍ 2.80 കോടിയായിരുന്നു. 2025ഓടെ ഇത് നാലു കോടിയാകുമെന്നാണ് പ്രതീക്ഷ. ഈ സീസണോടെ ഇന്ത്യയില്‍ ക്രൂയിസ് ടൂറിസം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുമെന്ന് ഇറ്റാലിയന്‍ ക്രൂയിസ് ലൈനര്‍മാരായ കോസ്റ്റ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷന്‍സ് മേധാവിയും ലോട്ടസ് ഡെസ്റ്റിനേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറുമായ നളിനി ഉദയ് ഗുപ്ത പറഞ്ഞു. ക്രൂയിസ് ടൂറിസം ഭൂപടത്തില്‍ ചൈന, യുഎസ്എ, ബ്രസീല്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. നാലാം സീസണു തുടക്കംകുറിച്ച് ഇറ്റലി ആസ്ഥാനമായുള്ള കോസ്റ്റ ക്രൂയിസ് ഗ്രൂപ്പിന്റെ ആഡംബര കപ്പല്‍ കോസ്റ്റ വിക്ടോറിയ ഇന്നലെ കൊച്ചിയിലെത്തി. 2400 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതിനു പുറമെ ഇന്നലെ 800 യാത്രക്കാര്‍കൂടി കൊച്ചിയില്‍നിന്നു യാത്രയ്‌ക്കൊപ്പം ചേര്‍ന്നു. മുംബൈയില്‍ നിന്നാണ് കപ്പലെത്തിയത്. മുംബൈ-കൊച്ചി-മാലദ്വീപ് എന്നിങ്ങനെയാണ് റൂട്ട്. 14 നിലകളുള്ള കപ്പലാണിത്. റസ്റ്ററന്റുകള്‍, ബാറുകള്‍, സ്പാ, ജിം, തിയേറ്ററുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, കാസിനോ തുടങ്ങിയവയാണ് ആകര്‍ഷണങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍