ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്നവര്‍ മതിയായ രേഖകള്‍ കൈവശം വെക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്‌ക്കറ്റ്:ഒമാനിലേക്ക് മരുന്നുകള്‍ കൊണ്ട് വരുന്നവര്‍ മതിയായ രേഖകള്‍ കൈവശം വെക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സ തേടിയ ആശുപത്രിയില്‍ നിന്നുള്ള ആറ് മാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൂടെ കരുതണം.മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി രോഗിയുടെ ആറ് മാസത്തില്‍ കൂടുതല്‍ കാലപഴക്കമില്ലാത്ത ഡോക്ടറുടെ കുറിപ്പടിയും വേണം. കുറിപ്പടിയില്‍ രോഗിയുടെ പേര് വയസ് അടക്കമുള്ള വിവരങ്ങളും ഡോക്ടറുടെ ഒപ്പും പേരും മറ്റ് വിവരങ്ങളും അടങ്ങിയ സീലും നിര്‍ബന്ധമാണ്. പാസ്‌പോര്‍ട്ട് കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി എന്നിവയുടെ അംഗീകാരത്തില്‍ ഒരുമാസക്കാലത്തെ മരുന്ന് മാത്രമാണ് കൊണ്ട് വരാന്‍ കഴിയുക. ഇത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും. ഇതില്‍ കൂടുതല്‍ അളവില്‍ മരുന്നുകള്‍ കൊണ്ട് വരണമെങ്കില്‍ ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ഈ മരുന്നുകള്‍ വീണ്ടും ആവശ്യമാണെന്ന് അംഗീകാരം നേടിയിരിക്കണം. കുറിപ്പടിയില്‍ എഴുതിയ മരുന്നുകളോ സമാനമായ മറ്റ് കമ്പനികളുടെ മരുന്നുകളോ മാത്രമാണ് ദീര്‍ഘകാലത്തേക്ക് കൊണ്ടുവരാന്‍ കഴിയുക. രോഗിയുടെ ബന്ധുക്കളാണ് മരുന്ന് കൊണ്ട് വരണമെങ്കില്‍ രോഗിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കോപ്പിയും ചുമതലപ്പെടുത്തികൊണ്ടുള്ള കത്തും നല്‍കിയിരിക്കണം. ഒമാനില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും ഈ നിയമങ്ങളെല്ലാം ബാധകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍