ഇന്ദ്രപ്രസ്ഥത്തിലെ അഭിഭാഷക - പൊലീസ് യുദ്ധം

ബാബറിമസ്ജിദ് രാമജന്മഭൂമി കേസില്‍ രാജ്യത്തെ പരമോന്നത കോടതി വിധി പറഞ്ഞതോടെ രാജ്യവാസികളുടെ മുഴുവന്‍ ശ്രദ്ധയും അത് സംബന്ധിച്ച വാര്‍ത്തകളിലും വിശകലനങ്ങളിലും കുടുങ്ങിപ്പോയതിനാല്‍ രാജ്യതലസ്ഥാനത്തെ ഒരാഴ്ചയോളം മുനയില്‍ നിര്‍ത്തിയ അഭിഭാഷകരും ഡല്‍ഹി പൊലീസും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ കഥകള്‍ ഏതാണ്ട് വിസ്മൃതിയിലാണ്ടു പോയി. ആ എപ്പിസോഡിന് പര്യവസാനമായോ അതല്ല ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും വാര്‍ത്തകളില്ല. തലസ്ഥാനനഗരിയിലെ തീസ്ഹസാരി കോടതിയില്‍ നവംബര്‍ രണ്ടിനാണ് സംഭവങ്ങളുടെ തുടക്കം. തടവുപുള്ളികളെ കൊണ്ടുവരുന്ന പോലീസ് വാഹനങ്ങള്‍ക്ക് കോടതി വളപ്പിലെ പാര്‍ക്കിങ്ങിന് പ്രത്യേകസ്ഥാനം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അന്ന് കാലത്ത് ഈ പാര്‍ക്കിംഗ് സ്ഥലത്ത് നീരജ് എന്ന അഭിഭാഷകന്‍ ക്രമവിരുദ്ധമായി തന്റെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ അത് അവിടെ കാവല്‍ നിന്ന പോലീസുകാരന്‍ തടഞ്ഞു. തുടര്‍ന്ന് പോലീസുമായി വഴക്കുണ്ടാക്കി എന്നും കാവല്‍ക്കാരനെ മര്‍ദ്ദിച്ചു എന്നും ആരോപിച്ച് ആ അഭിഭാഷകന്റെ ഒപ്പമുണ്ടായിരുന്നു അഡ്വക്കറ്റ് സാഗറിനെ പോലീസ് ചട്ടങ്ങള്‍ പാലിക്കാതെ കസ്റ്റഡിയിലെടുക്കുകയും അതിനോടു ചേര്‍ന്നു തന്നെയുള്ള തീസ് ഹസാരി പോലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ ഇടുകയും ചെയ്തു. വിവരമറിഞ്ഞ് ആ കോടതി സമുച്ചയത്തില്‍ ഉണ്ടായിരുന്ന ഒരുകൂട്ടം അഭിഭാഷകര്‍ ക്ഷുഭിതരായി,അന്യായമായി സംഘം ചേര്‍ന്ന് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ലോക്കപ്പ് തകര്‍ത്ത് കസ്റ്റഡിയിലുള്ള അഭിഭാഷകനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസ് സംഘവും അഭിഭാഷകരും തീസ് ഹസാരി കോടതി വളപ്പിനെ ഒരു യുദ്ധക്കളമാക്കി മാറ്റി. പോലീസ് വാഹനങ്ങളും അഭിഭാഷകരുടെ കാറുകളും തീ വെയ്ക്കപ്പെട്ടു. തുടര്‍ന്ന് പോലീസ് വെടിവെപ്പ് വരെ ഉണ്ടായി. സംഭവത്തില്‍ ഇരുപതോളം പൊലീസുകാര്‍ക്കും രണ്ട് അഭിഭാഷകര്‍ക്കും ഗുരുതരമായി പരിക്കേറ്റു. നിയമവാഴ്ചയുടെയും നീതിനിര്‍വഹണത്തിന്റെയും കാവല്‍ക്കാരാവേണ്ടിയിരുന്ന ഈ ഇരുവിഭാഗക്കാരുടെയും ഉത്തരവാദിത്വപ്പെട്ടവരും ഉന്നതന്മാരും കൂടി ഇതില്‍ പക്ഷം പിടിച്ചതോടെ പ്രശ്‌നം സങ്കീര്‍ണമായി മാറി. രണ്ടു വ്യക്തികള്‍ തമ്മില്‍ ഉണ്ടായ അനാവശ്യവും അനുചിതവുമായ ഈഗോ പ്രശ്‌നമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ മൂലഹേതു എന്നോര്‍ക്കുക.എന്നിട്ടും കേന്ദ്ര ആഭ്യന്തരവകുപ്പിനോ ഡല്‍ഹി പോലീസ് അധികൃതര്‍ക്കോ ഒന്നും ചെയ്യാനായില്ല. അവസാനം നവംബര്‍ മൂന്നിന് ഞായറാഴ്ച തന്നെ ഡല്‍ഹി ഹൈക്കോടതി തീസ് ഹസാരിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഒരുമിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തി. സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനും പ്രശ്‌നത്തിന് തുടക്കക്കാരനായ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുക്കാനും കോടതി വളപ്പില്‍ സംഘര്‍ഷം ഉണ്ടാക്കിയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനും ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും ഹൈക്കോടതി ഉത്തരവിട്ടു. കോടതി കൂടി പൂര്‍ണമായും അഭിഭാഷക പക്ഷം കൂടി എന്ന ധാരണയില്‍ ഡല്‍ഹി പോലീസ് മൊത്തം അമര്‍ഷത്തിലായി. ഇതിനിടെയാണ് നവംബര്‍ നാലിന് അഭിഭാഷകര്‍ നടത്തിയ പ്രതിഷേധ പ്രകടനം പ്രകോപനമൊന്നുമില്ലാതെ അക്രമാസക്തമായത്. സാകേത് കോടതി പരിസരത്ത് വച്ച് അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ മുഖത്ത് അടിക്കുകയും ഡല്‍ഹിയിലെ തന്നെ മറ്റു ചില കോടതികളില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു മര്‍ദിക്കുകയും ചെയ്തു. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും സിവിലിയന്‍മാര്‍ക്കുമേറ്റു മര്‍ദ്ദനം. ഇതില്‍ പ്രകോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ അസോസിയേഷനുകളുടെ ബലത്തില്‍ കുടുംബസമേതം സമരത്തിനിറങ്ങിയത് ഡല്‍ഹിയെ ഞെട്ടിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചായിരുന്നു അവരുടെ സമരം. സമാനരീതിയില്‍ അഭിഭാഷകരും പ്രതിഷേധം തുടര്‍ന്നു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചെങ്കിലും അത് കാര്യമായി ഫലിച്ചില്ല. ഏതായാലും നാട്ടിലെ നിയമവാഴ്ചയുടെയും നീതിന്യായ നടത്തിപ്പിന്റെയും മുഖ്യ കണ്ണികളായ ഈ ഇരുകക്ഷികളും നേര്‍ക്കുനേര്‍ നിന്ന് പരസ്പരം പ്രതിഷേധിക്കുന്ന ഈ അത്യപൂര്‍വ്വമായ കാഴ്ച കണ്ട് ജനം അമ്പരന്നു നില്‍ക്കുകയാണ്. അതേസമയം ബന്ധപ്പെട്ട അധികൃതര്‍ക്കൊന്നും തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞുമില്ല. ഈ സംഭവം രാജ്യത്തെ പൊതുസമൂഹത്തിന് ഒരു നല്ല സന്ദേശമല്ല നല്‍കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍